ലക്ഷ്യം സമ്പൂർണ്ണ വിജയം; നെതർലൻഡ്‌സിനെതിരെ ഇന്ത്യ ഇന്ന്; സഞ്ജു കളിക്കുമോ?

അഹമ്മദാബാദ്: ടി20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യ ഇന്ന് നെതർലൻഡ്‌സിനെ നേരിടും. ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രാത്രി ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും വിജയിച്ച് ആത്മവിശ്വാസത്തോടെ സൂപ്പർ എട്ടിലേക്ക് പ്രവേശിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം ഇന്നിറങ്ങുന്നത്. ഇതിനോടകം തന്നെ മൂന്ന് മത്സരങ്ങളും വിജയിച്ച് ഇന്ത്യ സൂപ്പർ എട്ട് യോഗ്യത ഉറപ്പാക്കിക്കഴിഞ്ഞു.
സൂപ്പർ എട്ടിന് മുന്നോടിയായി റിസർവ് ബെഞ്ചിലെ താരങ്ങൾക്ക് കൂടുതൽ അവസരം നൽകാൻ ടീം മാനേജ്‌മെന്റ് പദ്ധതിയിടുന്നുണ്ട്. ഇതിന്റെ ഭാഗമായി പ്രധാന ബൗളർമാരായ ജസ്പ്രീത് ബുമ്രയ്ക്കും വരുൺ ചക്രവർത്തിക്കും വിശ്രമം അനുവദിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. പകരം മുഹമ്മദ് സിറാജും അർഷദീപ് സിങ്ങും അന്തിമ ഇലവനിൽ ഇടംപിടിച്ചേക്കും. കൂടാതെ, ഇഷാൻ കിഷന് പകരം മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിക്കുമോ എന്നതും ആരാധകർ ഉറ്റുനോക്കുന്നു.
തുടർച്ചയായ രണ്ട് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായ ഓപ്പണർ അഭിഷേക് ശർമ്മയ്ക്ക് ഈ മത്സരം അതിനിർണ്ണായകമാണ്. ഫോം വീണ്ടെടുക്കാൻ അഭിഷേകിന് ലഭിക്കുന്ന മികച്ച അവസരമാണിത്. മറുവശത്ത്, കളിച്ച മൂന്ന് മത്സരങ്ങളിൽ ഒന്നിൽ മാത്രം വിജയിച്ച നെതർലൻഡ്‌സ് വലിയ വെല്ലുവിളിയാണ് നേരിടുന്നത്. പാകിസ്ഥാനോടും അമേരിക്കയോടും പരാജയപ്പെട്ട സ്കോട്ട് എഡ്വേർഡ്‌സിന്റെ ടീം, കരുത്തരായ ഇന്ത്യയെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പിലാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.