തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുന്നു. അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍:സെപ്റ്റംബര്‍ 25: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളംസെപ്റ്റംബര് 26: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്സെപ്റ്റംബര് 27: തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ രണ്ട് ചക്രവാതച്ചുഴികള്‍ നിലനില്‍ക്കുന്നുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിലൊന്ന് തെക്കന്‍ ഒഡിഷ-വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്തിന് സമീപമാണ്. മറ്റൊരു ചക്രവാതച്ചുഴി മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും വടക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലുമായി സ്ഥിതി ചെയ്യുന്നു. ഈ ചുഴിയുടെ സ്വാധീനത്തില്‍ അടുത്ത 12 മണിക്കൂറിനുള്ളില്‍ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്.
ഈ ന്യൂനമര്‍ദം പടിഞ്ഞാറോട്ട് നീങ്ങുകയും സെപ്റ്റംബര്‍ 26-ഓടെ തെക്കന്‍ ഒഡിഷ-വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്ത് തീവ്ര ന്യൂനമര്‍ദമായി ശക്തിപ്പെടാനും സാധ്യതയുണ്ട്. സെപ്റ്റംബര്‍ 27-ഓടെ ഇത് കരയില്‍ പ്രവേശിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നു മുതല്‍ സെപ്റ്റംബര്‍ 27 വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിര്‍ദേശം നല്‍കി. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലും ചിലപ്പോള്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലും കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.