റായ്പൂര്‍: ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് തോറ്റ് മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫ് കാണാതെ പുറത്തായതിന് പിന്നാലെ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ സോഷ്യല്‍ മീഡിയ ഇടപെടല്‍ വിവാദമാകുന്നു. ആര്‍സിബിയോടേറ്റ തോല്‍വിക്ക് തൊട്ടുപിന്നാലെ ഹാര്‍ദിക് മുംബൈ ഇന്ത്യന്‍സിനെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്‌തെന്നാണ് ആരാധകര്‍ കണ്ടെത്തിയത്.
പരിക്കു മൂലം ഹാര്‍ദിക് കളിക്കാതിരുന്ന മത്സരത്തില്‍ സൂര്യകുമാര്‍ യാദവാണ് മുംബൈയെ നയിച്ചത്. മുംബൈ ഉയര്‍ത്തിയ 167 റണ്‍സ് വിജയലക്ഷ്യം അവസാന പന്തില്‍ ആര്‍സിബി മറികടന്നതോടെയാണ് മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചത്. ഇതിന് പിന്നാലെ ഹാര്‍ദിക്കിന്റെ ഇന്‍സ്റ്റഗ്രാം ഫോളോയിംഗ് ലിസ്റ്റില്‍ നിന്ന് മുംബൈ ഇന്ത്യന്‍സ് അപ്രത്യക്ഷമായത് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി. ഹാര്‍ദിക് ഫോളോ ചെയ്യുന്നവരുടെ എണ്ണം 151ല്‍ നിന്ന് 150 ആയി കുറഞ്ഞതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ നിമിഷങ്ങള്‍ക്കകം വൈറലാവുകയും ചെയ്തു. ഹാര്‍ദിക്കും ടീം മാനേജ്മെന്റും തമ്മിലുള്ള ബന്ധം വഷളായെന്നും താരം ടീം വിടുകയാണെന്നും വരെയുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെ ഹാര്‍ദിക് വീണ്ടും മുംബൈയെ ഫോളോ ചെയ്തു തുടങ്ങി.
ക്യാപ്റ്റനായും കളിക്കാരനായും ഹാര്‍ദിക്കിന് ഏറെ നിരാശ നല്‍കുന്നതായിരുന്നു ഈ സീസണ്‍. നായകനായി എട്ട് മത്സരങ്ങളില്‍ ഇറങ്ങിയ ഹാര്‍ദിക്കിന് രണ്ട് ജയം മാത്രമാണ് നേടാനായത്. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ പരാജയപ്പെട്ട താരം 8 കളികളില്‍ നിന്ന് 146 റണ്‍സും 4 വിക്കറ്റും മാത്രമാണ് നേടിയത്. രോഹിത് ശര്‍മ്മയെ മാറ്റി ഹാര്‍ദിക്കിനെ നായകനാക്കിയത് മുതല്‍ ആരാധകരുടെ പ്രതിഷേധം മാനേജ്മെന്റ് നേരിട്ടിരുന്നു. തുടര്‍ച്ചയായ രണ്ടാം സീസണിലും ടീം പ്ലേ ഓഫ് കാണാതെ പുറത്തായതോടെ ഹാര്‍ദിക്കിന്റെ നായകസ്ഥാനം വലിയ വെല്ലുവിളിയിലാണ്.
തോല്‍വിക്ക് പിന്നാലെ മുംബൈ ഇന്ത്യന്‍സിനെ അണ്‍ഫോളോ ചെയ്ത് ഹാര്‍ദിക്; നിമിഷങ്ങള്‍ക്കകം വീണ്ടും ഫോളോ; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച കൊഴുക്കുന്നു