Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

പ്രായമല്ല, പ്രകടനമാണ് മാനദണ്ഡം; കോലിയും രോഹിത്തും 2027 ലോകകപ്പ് കളിക്കണം: ഹർഭജൻ സിങ്

പ്രായമല്ല, പ്രകടനമാണ് മാനദണ്ഡം; കോലിയും രോഹിത്തും 2027 ലോകകപ്പ് കളിക്കണം: ഹർഭജൻ സിങ്

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സെലക്ഷനിൽ പ്രായത്തേക്കാൾ പ്രകടനത്തിനും ഫിറ്റ്നസിനുമാണ് പ്രാധാന്യം നൽകേണ്ടതെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ഫോമും ശാരീരികക്ഷമതയും നിലനിർത്താൻ സാധിക്കുന്നുണ്ടെങ്കിൽ വിരാട് കോലിയും രോഹിത് ശർമയും 2027 ഏകദിന ലോകകപ്പ് ടീമിൽ തുടരണമെന്നാണ് ഹർഭജന്റെ അഭിപ്രായം.

അടുത്ത വർഷം ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നിവിടങ്ങളിലായി നടക്കുന്ന ഏകദിന ലോകകപ്പ് സമയത്ത് രോഹിത്തിന് 40 വയസും കോലിക്ക് 39 വയസുമാകും. എന്നാൽ പ്രായം ഒരിക്കലും സെലക്ഷന് തടസമാകരുതെന്നും കളിക്കളത്തിലെ പ്രകടനമാണ് അന്തിമ മാനദണ്ഡമാകേണ്ടതെന്നും ഹർഭജൻ വ്യക്തമാക്കി.

അർജന്റീനയെ ലോകകപ്പ് ഫൈനലിലേക്ക് നയിക്കുമ്പോൾ ലയണൽ മെസിക്ക് 39 വയസായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർഭജൻ തന്റെ നിലപാട് വിശദീകരിച്ചത്. പ്രായത്തിനപ്പുറം ഫിറ്റ്നസും കഴിവും പ്രകടനവുമാണ് ഒരു താരത്തിന്റെ പ്രസക്തി നിർണയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിരാട് കോലിക്ക് 39 വയസാകുമ്പോഴും 20 വയസുള്ള യുവതാരങ്ങളെക്കാൾ മികച്ച രീതിയിൽ കളിക്കാനും ഫിറ്റ്നസ് നിലനിർത്താനും കഴിയുന്നുണ്ടെങ്കിൽ പ്രായം ഒരു വിഷയമല്ലെന്നാണ് ഹർഭജന്റെ വിലയിരുത്തൽ.

ശ്രേയസ് അയ്യർ, യശസ്വി ജയ്‌സ്വാൾ തുടങ്ങിയ യുവതാരങ്ങളുടെ ഫിറ്റ്നസിനൊപ്പം പിടിച്ചുനിൽക്കാനും ടീമിനായി റൺസ് നേടാനും കോലിക്കും രോഹിത്തിനും കഴിയുന്നുണ്ടെങ്കിൽ മറ്റൊന്നും പരിഗണിക്കേണ്ടതില്ലെന്നും ഹർഭജൻ പറഞ്ഞു.

2027 ലോകകപ്പിനുള്ള ടീമിനെ രൂപപ്പെടുത്തുമ്പോൾ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ രോഹിത്തിന്റെയും കോലിയുടെയും പരിചയസമ്പത്തിനെ വിശ്വസിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യുവതാരം വൈഭവ് സൂര്യവംശിയെക്കാൾ കൂടുതൽ പ്രതീക്ഷ താൻ രോഹിത് ശർമയിലും വിരാട് കോലിയിലും അർപ്പിക്കുമെന്ന് ഹർഭജൻ വ്യക്തമാക്കി. പരിചയസമ്പത്താണ് ഇതിന് പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു.

വൈഭവിന് ആക്രമണാത്മകമായി ബാറ്റ് ചെയ്യാനുള്ള കഴിവുണ്ടെങ്കിലും കോലിക്കും രോഹിത്തിനുമുള്ളത് നൂറുകണക്കിന് മത്സരങ്ങളുടെ അനുഭവസമ്പത്താണെന്നും സമ്മർദഘട്ടങ്ങളിൽ ആ പരിചയം ടീമിന് വലിയ നേട്ടമാകുമെന്നും ഹർഭജൻ ചൂണ്ടിക്കാട്ടി.

ഇന്ത്യൻ ക്രിക്കറ്റിൽ ഫിറ്റ്നസ് സംസ്കാരവും വിജയമനോഭാവവും വളർത്തിയതിൽ വിരാട് കോലിക്ക് 90 ശതമാനം ക്രെഡിറ്റ് നൽകിയാണ് ഹർഭജൻ പ്രശംസിച്ചത്. 2014-15 കാലഘട്ടത്തിൽ കോലി നായകസ്ഥാനത്തെത്തിയതിന് പിന്നാലെ ഇന്ത്യൻ ടീമിന്റെ സമീപനത്തിൽ വലിയ മാറ്റമുണ്ടായെന്നും അദ്ദേഹം ഓർമിപ്പിച്ചു.



Related articles

See all
Popular News

ബംഗ്ലാദേശിനെ തൂത്തെറിഞ്ഞു; ഷെഫാലിയുടെ സെഞ്ചുറി കരുത്തിൽ ഇന്ത്യ ഏഷ്യൻ ഗെയിംസ് ഫൈനലിൽ

Popular News

ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യയുടെ ഗോൾമഴ; ഉസ്ബെക്കിസ്ഥാനെ 19-0ന് തകർത്തെറിഞ്ഞു!

Popular News

ഏഷ്യന്‍ ഗെയിംസിൽ ചരിത്ര നേട്ടം കുറിച്ച് മലയാളി, ഷൂട്ടിംഗിൽ വെള്ളി നേടി വിദർശ വിനോദ്

Popular News

ബി.സി.സി.ഐക്ക് തലവേദനയായി ഒഫീഷ്യൽ കിറ്റ്; ജഴ്‌സി പ്രശ്‌നത്തിൽ വലഞ്ഞ് ഇന്ത്യൻ താരങ്ങൾ