സർക്കാർ നൽകിയത് 'കോക്കോണിക്‌സ്' ലാപ്‌ടോപ്പുകൾ; ഓൺ ആവില്ല ! വായ്പ മുടക്കരുതെന്ന് ഭീഷണിയും; പരാതി, ട്രോള്‍ വര്‍ഷം
Jaihind TV News Report
Jaihind TV Web Desk
July 27, 2021
1 min read
•
Updated: June 10, 2026
കുടുംബശ്രീ വഴിയുള്ള സര്‍ക്കാരിന്‍റെ ലാപ്ടോപ്പ് പദ്ധതിയിലൂടെ വിതരണം ചെയ്തത് പ്രവര്‍ത്തിക്കാത്ത കമ്പ്യൂട്ടറുകളെന്ന് വ്യാപക പരാതി. വിദ്യാശ്രീ പദ്ധതി വഴി കുട്ടികള്‍ക്ക് മെച്ചപ്പെട്ട ലാപ്ടോപ്പ് ലഭിക്കും എന്ന പ്രതീക്ഷയില്‍ ലോണ്‍ എടുത്ത നിരവധി മാതാപിതാക്കളാണ് ഇപ്പോള്‍ വെട്ടിലായിരിക്കുന്നത്. എച്ച്പി പോലെയുള്ള കമ്പനികളുടെ ലാപ്ടോപ്പ് ആവശ്യപ്പെട്ടവര്‍ക്ക് 'കോക്കോണിക്സ്' എന്ന കമ്പനിയുടെ കമ്പ്യൂട്ടറുകളാണ് നല്‍കിയത്. എന്നാല്‍ ഇവ ഓണ്‍ ആകുന്നതുപോലുമില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. പരാതി പറയാന്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നതുമില്ല. അതേസമയം ഗുണനിലവാരമില്ലാത്ത ലാപ്ടോപുകള്‍ നല്‍കിയ കെഎസ്എഫ്ഇ വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ പിഴ പലിശ ഈടാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.
സര്‍ക്കാര്‍ പങ്കാളിത്തത്തോടെ നിര്‍മിക്കുന്ന കോക്കോണിക്സ് കമ്പനിയുടെ ലാപ്ടോപ്പുകളാണ് കൂട്ടത്തോടെ തകരാറിലായത്. ഇത് ഓണാകുന്നുപോലുമില്ലെന്നാണ് പരാതി. പദ്ധതി പ്രകാരം ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള കമ്പനി തെരഞ്ഞെടുക്കാമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ ലാപ്ടോപ്പ് കൈപ്പറ്റാനായി കെഎസ്എഫ്ഇയുടെ ബ്രാഞ്ചില്‍ എത്തിയവരെ കാത്തിരുന്നത് 'കോക്കോണിക്സ്' എന്ന കേട്ടിട്ടുപോലുമില്ലാത്ത കമ്പനിയുടെ കമ്പ്യൂട്ടറായിരുന്നു. എന്നാല്‍ ഇത് സ്വീകരിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന അവസ്ഥയിലായി ഗഡുക്കള്‍ അടച്ചവര്‍. എന്നാല്‍ ഇതാകട്ടെ ഓണ്‍ ആകുന്നത് പോലുമില്ല. ഇപ്പോള്‍ പരാതിപ്പെടാന്‍ ശ്രമിച്ചിട്ട് കമ്പനി അധികൃതര്‍ ഫോണ്‍പോലും എടുക്കുന്നില്ല എന്നതാണ് സ്ഥിതി.
ലാപ്ടോപ് തകരാറിലായെങ്കിലും തവണമുടങ്ങരുതെന്ന കര്‍ക്കശ നിലപാടിലാണ് കെഎസ്എഫ്ഇ. പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്ന് വിദ്യാശ്രീ പദ്ധതി അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിക്കിടെയും സര്‍ക്കാര്‍ പദ്ധതിയില്‍ ലാപ്ടോപ്പിനായി പണം മുടക്കിയവര്‍ ശരിക്കും കുരുക്കിലായിരിക്കുകയാണ്. അതേസമയം വിദ്യാശ്രീ പദ്ധതി വഴി നല്‍കിയ 20 ശതമാനം ലാപ്ടോപ്പുകള്‍ക്ക് തകരാറുണ്ടെന്ന് കോക്കോണിക്സ് അധികൃതര്‍ സമ്മതിച്ചു. പരാതി വരുന്നമുറയ്ക്ക് ലാപ്ടോപ്പ് മാറി നല്‍കുന്നുണ്ടെന്നാണ് കമ്പനിയുടെ വിശദീകരണം. വിഷയം ഏറ്റെടുത്ത് ട്രോളന്മാരും രംഗത്തെത്തിയിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10