കെ.എം. ബഷീറിനെ വാഹനമിടിച്ച കൊലപ്പെടുത്തിയ കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
Jaihind TV News Report
Jaihind TV Web Desk
August 19, 2019
1 min read
•
Updated: June 10, 2026
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ഒരു വര്‍ഷത്തേക്കാണ് സസ്‌പെന്‍ഷന്‍. ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസിനും മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നെങ്കിലും ഇരുവരും മറുപടി നല്‍കിയില്ല. അമിത വേഗത്തിനും, കാറിന്റെ ഗ്ലാസ് കറുത്ത പേപ്പര്‍ ഒട്ടിച്ചതിനും വഫക്ക് നോട്ടീസ് നല്‍കിയിരുന്നു. അമിത വേഗത്തിന് വഫ പിഴയടച്ചിരുന്നു. വഫക്ക് വീണ്ടും നോട്ടീസ് നല്‍കാനാണ് വകുപ്പ് തീരുമാനം. മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ശ്രീറാം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും ഡ്രൈവിങ് ലൈസന്‍സിന്മേല്‍ നടപടിയെടുക്കാന്‍ വൈകിയതില്‍ മോട്ടോര്‍ വാഹന വകുപ്പിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. വിമര്‍ശനം ശക്തമായതോടെയാണ് ലൈസന്‍സ് ഇന്ന് സസ്‌പെന്റ് ചെയ്തത്.
കേസ് ദുര്‍ബലപ്പെടുത്താന്‍ പോലീസ് ശ്രമിച്ചത് പോലെ മോട്ടോര്‍ വാഹന വകുപ്പും നടപടിയെടുക്കാതെ ഒത്തുകളിക്കുന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്. അപകടം നടന്നുവെന്ന് വ്യക്തമായപ്പോള്‍ തന്നെ ഇരുവരുടെയും ലൈസന്‍സിന്മേല്‍ നടപടിയുണ്ടാകുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരുന്നെങ്കിലും 15 ദിവസങ്ങള്‍ക്ക് ശേഷവും നടപടിയുണ്ടായില്ല. നടപടിയെടുക്കാത്തതിന് കാരണമായി മോട്ടോര്‍ വാഹനവകുപ്പ് വിചിത്രവാദങ്ങളാണ് മുന്നോട്ട് വെക്കുന്നത്.
നോട്ടീസ് നല്‍കാനായി വഫ ഫിര്‍റോസിനെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ശ്രീറാം വെങ്കിട്ടരാമന്‍ ഇതുവരെ നേരിട്ട് നോട്ടീസ് കൈപ്പറ്റിയിട്ടില്ലെന്നുമാണ് വകുപ്പ് നല്‍കുന്ന വിശദീകരണം. ഈ മാസം മൂന്നിന് ആശുപത്രിയില്‍ വെച്ചാണ് ശ്രീറാം ആദ്യം നോട്ടീസ് കൈപ്പറ്റിയത്. തുടര്‍ച്ചയായ നിയമലംഘനങ്ങള്‍ ഉണ്ടായാല്‍ മാത്രമേ ലൈസന്‍സ് റദ്ദാക്കുകയോ സസ്പെന്‍ഡ് ചെയ്യുകയോ ചെയ്യാന്‍ സാധിക്കൂ എന്നും വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
വഫ വാടകക്ക് താമസിക്കുന്ന വീട്ടില്‍ ചെന്നെങ്കിലും അവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ശ്രീറാമിന് നോട്ടീസ് നല്‍കിയപ്പോള്‍ അത് വാങ്ങിയത് പേഴ്സണല്‍ സ്റ്റാഫാണ്. നോട്ടീസ് കൈപ്പറ്റിയ ശേഷം ഇതുവരെ അതിന് മറുപടി ലഭിച്ചിട്ടില്ല. മൂന്ന് ദിവസം മുന്‍പ് മാത്രമാണ് അപകടമുണ്ടാക്കിയ വാഹനം പരിശോധിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് പൊലീസിന് നിര്‍ദേശം നല്‍കിയത്. വാഹനം പരിശോധിച്ച റിപ്പോര്‍ട്ടും ശ്രീറാമിന്റെ മറുപടിയും ചേര്‍ത്ത് ശ്രീറാം ലൈസന്‍സ് സ്വന്തമാക്കിയ മട്ടാഞ്ചേരി ജോയിന്റ് ആര്‍ടിഒക്ക് നല്‍കും. അവിടെ നിന്നാണ് ശ്രീറാമിന്റെ ലൈസന്‍സ് റദ്ദ് ചെയ്യേണ്ടത്. എന്നാല്‍, അപകടം നടന്ന സ്ഥലമായ തിരുവനന്തപുരത്ത് തന്നെയാണ് ലൈസന്‍സ് റദ്ദ് ചെയ്യണ്ടതെന്നാണ് മട്ടാഞ്ചേരി ആര്‍ടിഒ നല്‍കുന്ന വിശദീകരണം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10