ധര്‍മ്മശാല: ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ ആവേശം നിറഞ്ഞ പോരാട്ടത്തില്‍ പഞ്ചാബ് കിങ്സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് മിന്നും വിജയം. പഞ്ചാബ് ഉയര്‍ത്തിയ 211 എന്ന കൂറ്റന്‍ ലക്ഷ്യം ഒരോവര്‍ ബാക്കിനില്‍ക്കെ 7 വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി മറികടന്നു. ഒരു ഘട്ടത്തില്‍ 74 റണ്‍സിന് 4 വിക്കറ്റ് എന്ന നിലയില്‍ പതറിയ ഡല്‍ഹിയെ അക്‌സര്‍ പട്ടേലും (56) ഡേവിഡ് മില്ലറും (51) ചേര്‍ന്നാണ് കരകയറ്റിയത്.
കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് തുടക്കം അല്പം പ്രയാസകരമായിരുന്നു. കെ.എല്‍. രാഹുല്‍ (14), അഭിഷേക് പോറെല്‍ എന്നിവര്‍ നേരത്തെ പുറത്തായതോടെ ഡല്‍ഹി പ്രതിരോധത്തിലായി. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച അക്‌സര്‍ പട്ടേലും മില്ലറും മത്സരത്തിന്റെ ഗതി മാറ്റി. അക്‌സര്‍ 28 പന്തില്‍ 56 റണ്‍സെടുത്തപ്പോള്‍, മില്ലര്‍ 27 പന്തില്‍ 51 റണ്‍സുമായി തിളങ്ങി. അവസാന ഓവറുകളില്‍ അഷുതോഷ് ശര്‍മ്മയും മാധവ് തിവാരിയും ചേര്‍ന്ന് വിജയം ഉറപ്പാക്കി. പഞ്ചാബിനായി അര്‍ഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് കിങ്സ് നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സാണ് എടുത്തത്. ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയുടെയും (33 പന്തില്‍ 56) ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെയും (36 പന്തില്‍ 59) അര്‍ദ്ധ സെഞ്ചുറികളാണ് പഞ്ചാബിന് കരുത്തായത്. ഓപ്പണിംഗ് വിക്കറ്റില്‍ പ്രിയാന്‍ഷും പ്രഭ്സിമ്രാന്‍ സിംഗും ചേര്‍ന്ന് 78 റണ്‍സിന്റെ വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. അവസാന ഓവറുകളില്‍ സൂര്യന്‍ഷ് ഷെഡ്ഗെ നടത്തിയ മിന്നല്‍ പ്രകടനം പഞ്ചാബ് സ്‌കോര്‍ 200 കടത്തി.
ഈ പരാജയത്തോടെ പഞ്ചാബ് കിങ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. തുടര്‍ച്ചയായ നാലാം തോല്‍വിയോടെ പോയിന്റ് പട്ടികയില്‍ അവര്‍ പിന്നോട്ട് പോയി. മറുവശത്ത്, ഈ വിജയത്തോടെ 10 പോയിന്റായ ഡല്‍ഹി ക്യാപിറ്റല്‍സ് പ്ലേ ഓഫ് പോരാട്ടത്തില്‍ സജീവമായി തുടരുന്നു.
പഞ്ചാബിന് നാലാം തോല്‍വി; കൂറ്റന്‍ ലക്ഷ്യം മറികടന്ന് ഡല്‍ഹിക്ക് ആവേശ വിജയം