വീണടത്തുനിന്ന് വിശ്വവിജയത്തിലേക്ക്; ആറ് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ താരം; യുസേബിയോയുടെ റെക്കോര്‍ഡും തകര്‍ത്ത് സിആര്‍7; ഹൂസ്റ്റണില്‍ കുറിച്ചത് ചരിത്രം
വിമര്‍ശകര്‍ അവസാനിച്ചുവെന്ന് വിധി എഴുതിയപ്പോഴെല്ലാം കൂടുതല്‍ കരുത്തനായി തിരിച്ചുവരുന്ന പോരാളി! 41-ാം വയസ്സിലും ഫുട്‌ബോള്‍ ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന ഇതിഹാസം ചരിത്രം തിരുത്തിക്കുറിച്ചിരിക്കുന്നു. ഹൂസ്റ്റണ്‍ സ്റ്റേഡിയത്തില്‍ ഉസ്‌ബെക്കിസ്ഥാനെതിരെ നേടിയ ഇരട്ട ഗോളുകളോടെ, തുടര്‍ച്ചയായി ആറ് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന സമാനതകളില്ലാത്ത റെക്കോര്‍ഡാണ് സിആര്‍ സെവന്‍ സ്വന്തമാക്കിയത്.
വിമര്‍ശകര്‍ക്ക് കളിക്കളത്തില്‍ തന്റെ ബൂട്ടുകള്‍ കൊണ്ട് മറുപടി നല്‍കുന്ന ശീലം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന ഇതിഹാസം 2026 ലോകവേദിയിലും ആവര്‍ത്തിക്കുകയാണ്. പ്രായം വെറുമൊരു നമ്പര്‍ മാത്രമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട്, വിമര്‍ശകരുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഹൂസ്റ്റണ്‍ സ്റ്റേഡിയത്തില്‍ ഉസ്‌ബെക്കിസ്ഥാനെതിരെ രണ്ട് തകര്‍പ്പന്‍ ഗോളുകള്‍ അടിച്ചാണ് സിആര്‍ സെവന്‍ മറുപടി നല്‍കിയത്. വര്‍ഷങ്ങള്‍ കടന്നുപോയി, എതിരാളികള്‍ മാറി, വിമര്‍ശകര്‍ മാറി, കളിയും കളിത്തട്ടും മാറി. എന്നാല്‍ മാറ്റമില്ലാതെ ഒരേയൊരു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാത്രം ഇന്നും ജ്വലിച്ചു നില്‍ക്കുന്നു. ഗോള്‍ദാഹം ശമിക്കാത്ത സിആര്‍ സെവന് മുന്നില്‍ പ്രായം തോറ്റു, കാലം നിശ്ചലമായി, റെക്കോര്‍ഡുകള്‍ തലകുനിച്ചു.
കളിയിലും കണക്കിലും റെക്കോര്‍ഡിലും ഒപ്പമുള്ള ലയണല്‍ മെസ്സിക്കൊപ്പം 2006-ലായിരുന്നു റൊണാള്‍ഡോയുടെ ലോകകപ്പ് അരങ്ങേറ്റം. 2006, 2010, 2014 ലോകകപ്പുകളില്‍ ഓരോ ഗോളുകളുമായി മടങ്ങിയ താരം, 2018ല്‍ ഹാട്രിക് ഉള്‍പ്പടെ നാല് ഗോളുകളുടെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. 2022ല്‍ ഖത്തര്‍ ലോകകപ്പിലും ഒരു ഗോള്‍ നേടി. എന്നാല്‍ 2026 ലോകകപ്പില്‍ ഗ്രൂപ്പ് കെ പോരാട്ടത്തില്‍ ഉസ്‌ബെക്കിസ്ഥാനെതിരെ ലക്ഷ്യം കണ്ടതോടെ ചരിത്രം വഴിമാറി. ആറ് വ്യത്യസ്ത ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ചരിത്രത്തിലെ ആദ്യത്തെ താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാറി.
ഈ ഇരട്ട ഗോളുകളോടെ പോര്‍ച്ചുഗലിന്റെ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന ഗോള്‍വേട്ടക്കാരന്‍ എന്ന റെക്കോര്‍ഡും റൊണാള്‍ഡോ സ്വന്തമാക്കി. 1966-ലെ ഒരൊറ്റ ലോകകപ്പില്‍ ഒന്‍പത് ഗോളുകള്‍ നേടി ദശാബ്ദങ്ങളായി ഈ റെക്കോര്‍ഡ് കൈക്കലാക്കി വെച്ചിരുന്ന സാക്ഷാല്‍ യുസേബിയോയെയാണ് സിആര്‍ സെവന്‍ മറികടന്നത്. ഈ മത്സരത്തോടെ പോര്‍ച്ചുഗല്‍ ജഴ്‌സിയില്‍ റൊണാള്‍ഡോയുടെ ആകെ ഗോളെണ്ണം 145 ആയി ഉയര്‍ന്നു. അന്താരാഷ്ട്ര ഫുട്‌ബോളില്‍ ലയണല്‍ മെസിയേക്കാള്‍ 23 ഗോളുകള്‍ മുന്നിലാണ് ഇപ്പോള്‍ റൊണാള്‍ഡോ. വീഴ്ചകള്‍ പാഠമാക്കി, അസാധ്യങ്ങള്‍ സാധ്യമാക്കി, സ്വപ്നങ്ങളെ മാത്രം പിന്തുടര്‍ന്ന ഒരു യോദ്ധാവിന്റെ അവിശ്വസനീയമായ യാത്രയാണിത്. തന്റെ 41-ാം വയസ്സിലും താന്‍ ഇപ്പോഴും ഇവിടെയുണ്ടെന്ന് റൊണാള്‍ഡോ ആവര്‍ത്തിച്ച് ഓര്‍മിപ്പിക്കുന്നത് ആ ഒരൊറ്റ കനകകിരീട സ്വപ്നത്തിനായി മാത്രമാണ്. വിശ്വവിജയിയായി ഫുട്‌ബോള്‍ ചരിത്രത്തിലെ ഇതിഹാസങ്ങളില്‍ ഇതിഹാസമാവാന്‍ അയാള്‍ പ്രയാണം തുടരുകയാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.