കണ്ണൂര്‍: വര്‍ഗീയ ശക്തികള്‍ക്ക് സംസ്ഥാനത്ത് ഇടം ഉണ്ടാക്കിക്കൊടുക്കുന്ന പണിയാണ് സിപിഎം ചെയ്യുന്നതെന്നും, പാര്‍ട്ടി ഇപ്പോള്‍ നീങ്ങുന്നത് ബിജെപിയുടെ അതേ വഴിയിലാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം സിപിഎം ഭൂരിപക്ഷ പ്രീണനമാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അയ്യപ്പ സംഗമ വേദിയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആശംസാ സന്ദേശം വായിച്ച് മന്ത്രി കോള്‍മയിര്‍ കൊണ്ടെന്നും സന്ദേശം വായിച്ച മന്ത്രിയെ കണ്ട് ബിജെപിക്കാര്‍ ആവേശം കൊള്ളുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. വര്‍ഗീയ ശക്തികള്‍ക്ക് തഴച്ചുവളരാന്‍ അവസരമൊരുക്കുന്ന നടപടികളാണ് സിപിഎമ്മിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വര്‍ഗീയവാദികളെ എന്‍.എസ്.എസ് ആസ്ഥാനത്തേക്ക് കയറ്റാത്ത ആളാണ് ജി.സുകുമാരനെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. എന്‍.എസ്.എസിന് അവരുടേതായ നിലപാടുകളുണ്ട്. അതേസമയം കോണ്‍ഗ്രസിന്റെ മതേതര നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി. ആര് വര്‍ഗീയത പറഞ്ഞാലും മുഖം നോക്കാതെ എതിര്‍ക്കും. മുസ്ലിം ലീഗിനെ മതേതര നിലപാടില്‍ തള്ളിപ്പറഞ്ഞവരാണ് പിന്നീട് ലീഗിന്റെ പിന്നാലെ പോയതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതിനെയും പ്രതിപക്ഷ നേതാവ് ചോദ്യം ചെയ്തു. തീവ്ര നിലപാട് സ്വീകരിക്കുന്ന ഐ.എന്‍.എല്ലിനെ കക്ഷത്തില്‍ വെച്ചാണ് ഗോവിന്ദന്‍ യുഡിഎഫിനെ വിമര്‍ശിക്കുന്നതെന്നും സര്‍ക്കാരിന്റെ കപട മുഖം യുഡിഎഫ് തുറന്നു കാട്ടുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.