പ്രധാനമന്ത്രിയെ 'ഭീകരൻ' എന്ന് വിളിച്ചെന്ന ആരോപണം: ദുരുദ്ദേശപരമെന്ന്' കോൺഗ്രസ്; ഖാർഗെയ്ക്ക് നൽകിയ നോട്ടീസിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ "ഭീകരൻ" എന്ന പരാമർശം നടത്തിയെന്ന പേരിൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ അയച്ച നോട്ടീസിന് കോൺഗ്രസ് പ്രാഥമിക മറുപടി നൽകി. ഈ നടപടി ദുരുദ്ദേശപരമാണെന്നും പെരുമാറ്റച്ചട്ടത്തിന്റെയോ നിയമത്തിന്റെയോ ലംഘനം നടന്നിട്ടില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി. വിശദമായ മറുപടി നൽകാൻ ഒരാഴ്ചത്തെ സമയം കൂടി വേണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
നോട്ടീസ് അയച്ച നടപടിക്രമങ്ങളിൽ വലിയ വീഴ്ചകൾ സംഭവിച്ചതായി ജയറാം രമേശ് ചൂണ്ടിക്കാട്ടി. ഒരേ നമ്പറിൽ രണ്ട് വ്യത്യസ്ത ഉദ്യോഗസ്ഥർ ഒപ്പിട്ട രണ്ട് നോട്ടീസുകളാണ് ലഭിച്ചത്. ഇതിൽ ഒന്നിൽ പരാതിക്കാരൻ തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയാൻ ആണെന്ന് രേഖപ്പെടുത്തിയപ്പോൾ, രണ്ടാമത്തെ നോട്ടീസിൽ അത് ഒഴിവാക്കിയിരുന്നു. നടപടികളിലെ ഈ അശ്രദ്ധ ഭരണകക്ഷിയുടെ പരാതികളിൽ കണ്ണടച്ച് നടപടിയെടുക്കുന്നതിന്റെ തെളിവാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രചാരണത്തിനിടയിൽ മറുപടി നൽകാൻ വെറും 24 മണിക്കൂർ മാത്രം അനുവദിച്ചത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖാർഗെയുടെ പരാമർശത്തെ കത്തിൽ ന്യായീകരിച്ചു. പ്രധാനമന്ത്രി രാഷ്ട്രീയ എതിരാളികളെയും ജനങ്ങളെയും ഭയപ്പെടുത്തുന്നു (terrorising) എന്നാണ് ഖാർഗെ ഉദ്ദേശിച്ചതെന്ന് അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇ.ഡി, സി.ബി.ഐ തുടങ്ങിയ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിനെയാണ് അദ്ദേഹം സൂചിപ്പിച്ചത്. എന്നാൽ ഈ വിശദീകരണം പരിഗണിക്കാതെ വാക്കുകൾ അടർത്തിയെടുത്ത് തെറ്റായ രീതിയിലാണ് കമ്മീഷൻ അവതരിപ്പിക്കുന്നത്. ഇതിന് പിന്നിൽ ഗൂഢലക്ഷ്യങ്ങൾ ഉണ്ടെന്നും കത്തിൽ ആരോപിക്കുന്നു.
ബിജെപി നേതാക്കൾ നടത്തുന്ന ഗുരുതരമായ ചട്ടലംഘനങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ കാണുന്നില്ലെന്നും കോൺഗ്രസ് വിമർശിച്ചു. ഭരണഘടനാ ഭേദഗതി പരാജയപ്പെട്ടതിന് ശേഷം പ്രധാനമന്ത്രി നടത്തിയ പ്രസംഗവും, വോട്ട് നൽകിയാൽ ആനുകൂല്യങ്ങൾ നൽകാമെന്ന അമിത് ഷായുടെ പ്രസ്താവനയും ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണെന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടി. ബിജെപി നേതാക്കളുടെ കാര്യത്തിൽ മൗനം പാലിക്കുന്ന കമ്മീഷൻ, ഖാർഗെയുടെ കാര്യത്തിൽ പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.