തിരുവനന്തപുരം: വധശ്രമക്കേസില്‍ ഒളിവിലായിരുന്ന ബിജെപി കൗണ്‍സിലറെ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ പൊലീസ് പിടികൂടി. വാഴോട്ടുകോണം ഡിവിഷന്‍ കൗണ്‍സിലര്‍ ആര്‍.സുഗതനെയാണ് വട്ടിയൂര്‍ക്കാവ് പൊലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. കൗണ്‍സിലറെ പിടികൂടാനെത്തിയ പൊലീസ് സംഘത്തെ ബിജെപി പ്രവര്‍ത്തകര്‍ വളഞ്ഞതോടെ വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒ എ.സി.വിപിന്‍ ആകാശത്തേക്ക് വെടിവച്ചു. പ്രതിയുടെ അറസ്റ്റിനിടെ വട്ടിയൂര്‍ക്കാവില്‍ വന്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.
മുന്‍പ് പത്തോളം കേസുകളില്‍ പ്രതിയായ ആര്‍.സുഗതനെതിരെ കലക്ടര്‍ കാപ്പ ചുമത്തിയിരുന്നു. ഇതിനുശേഷമാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ വാഴോട്ടുകോണം ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ചത്.
ഉത്സവപ്പറമ്പിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഒരാളെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് സുഗതനെ പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസില്‍ സുഗതന്‍ നേരത്തെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും കോടതി അത് തള്ളിയിരുന്നു. ജൂണ്‍ ഏഴിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനും കോടതി നിര്‍ദേശിച്ചിരുന്നതാണ്.
എന്നാല്‍ കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ സുഗതന്‍ സ്റ്റേഷനില്‍ ഹാജരാകാതെ ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷന്‍ പരിധിയിലുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ നീക്കത്തിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
വധശ്രമക്കേസില്‍ BJP കൗണ്‍സിലര്‍ പിടിയില്‍; പോലീസിനെ വളഞ്ഞ് അനുയായികള്‍, ആകാശത്തേക്ക് വെടിയുതിര്‍ത്ത് SHO, വട്ടിയൂർക്കാവിൽ നാടകീയ രംഗങ്ങൾ