വെറുപ്പിന്‍റെ രാഷ്ട്രീയത്തിനെതിരെ കരുതിയിരിക്കുക; വരാനിരിക്കുന്നത് വിലപ്പെട്ട തെരഞ്ഞെടുപ്പ്, വോട്ടാണ് ആയുധം : മോദിക്കെതിരെ പ്രിയങ്കാ ഗാന്ധി

Jaihind Webdesk
Tuesday, March 12, 2019

ഗുജറാത്ത്: ഗാന്ധിനഗറില്‍ നടന്ന കോണ്‍ഗ്രസ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കുമെതിരെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ബി.ജെ.പി ഭരണത്തില്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത് ദുഃഖകരമായ കാര്യങ്ങളാണ്. നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയാണ് ബി.ജെ.പി അധികാരത്തിലേറിയത്. നിങ്ങളുടെ വോട്ട് കൊണ്ട് അധികാരത്തിലെത്തിയവര്‍ നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ബാധ്യസ്ഥരാണ്. ഏറ്റവും വിലപ്പെട്ട തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നതെന്നും വോട്ടാണ് ആയുധമെന്നും പ്രിയങ്കാ ഗാന്ധി ജനങ്ങളെ ഓര്‍മപ്പെടുത്തി.

“നിങ്ങളെ ഭരിക്കേണ്ടവര്‍ ആരാണ്? ആലോചിച്ച് തീരുമാനമെടുക്കണം. രണ്ട് കോടി തൊഴിലവസരങ്ങളാണ് മോദി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്.  തൊഴിലവസരങ്ങള്‍ എവിടെ? നൽകാമെന്നു പറഞ്ഞ 15 ലക്ഷത്തിന്‍റെ കാര്യമെന്താണ്? സ്ത്രീകളുടെ സുരക്ഷയ്ക്കായി എന്താണ് മോദി സര്‍ക്കാര്‍ ചെയ്തത്? നിങ്ങള്‍ ചോദിക്കണം” –  പ്രിയങ്ക തുടര്‍ന്നു.

 

നമ്മൾ രാജ്യത്തെ സംരക്ഷിക്കുകയും രാജ്യത്തിന്‍റെ പുരോഗതിയിലും വികസനത്തിലും ശ്രദ്ധചെലുത്തുകയും വേണം. സ്നേഹത്തിലും സാഹോദര്യത്തിലും അടിയുറച്ചതാണ് ഇന്ത്യ. എന്നാല്‍ ചിലര്‍ വെറുപ്പ് പ്രചരിപ്പിക്കുകയാണ്. ഇതിനെതിരെ ഓരോ പൗരനും ജാഗരൂകരായിരിക്കണം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഏറ്റവും പ്രധാനപ്പെട്ടതാണ്. ഇതിലൂടെ നിങ്ങള്‍ തെരഞ്ഞെടുക്കുന്നത് നിങ്ങളുടെ ഭാവി തന്നെയാണ്. അനാവശ്യമായ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടേണ്ടതില്ലെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. ഗാന്ധിനഗറില്‍ നടന്ന ജന്‍ സങ്കല്‍പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്കാ ഗാന്ധി.