‘നീ ഞങ്ങളുടെ അഭിമാനം’ ; ആലത്തൂരിന്‍റെ പെങ്ങളൂട്ടിക്ക് അഭിനന്ദനവുമായി പ്രിയങ്കാ ഗാന്ധി

Jaihind Webdesk
Thursday, June 6, 2019

Priyanka Gandhi and Ramya Haridas

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടിയ നിയുക്ത എം.പി രമ്യാ ഹരിദാസിനോടുള്ള സ്‌നേഹം പങ്കുവെച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ആലത്തൂരിൽനിന്ന് ഇന്ത്യൻ പാർലമെന്‍റിലേക്കുള്ള രമ്യയുടെ കാൽവെപ്പിനെ പ്രശംസിച്ചുകൊണ്ടുള്ള പ്രിയങ്കയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

സാധാരണക്കാരിൽ സാധാരണക്കാരിയായാണ് അവർ ജനങ്ങളിലിടയിലേക്ക് ഇറങ്ങിചെന്നത്. അതുകൊണ്ട് തന്നെയാകാം ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആലത്തൂർ ജനത ഇരുകൈയും നീട്ടി തങ്ങളുടെ പെങ്ങളൂട്ടിയെ ജനപ്രതിനിധിയായി തെരഞ്ഞെടുത്തത്. നേതാക്കൾക്കിടയിലും പ്രിയപ്പെട്ടവളാകാൻ രമ്യക്ക് അധിക സമയമൊന്നും വേണ്ടി വന്നില്ല. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്കും രമ്യ പ്രിയങ്കരിയാകുന്നു. ആ സ്‌നേഹമാണ് പ്രിയങ്ക ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

ദിവസവേതനക്കാരിയായ അമ്മയുടെ മകളായ രമ്യ, പ്രാദേശിക സന്നദ്ധ സംഘടനയിൽ 600 രൂപ മാസശമ്പളത്തിന് ജോലി ചെയ്തതിനെ കുറിച്ചു പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്. തുടർന്ന് 2011 ൽ ടാലന്‍റ് സെർച്ചിലൂടെ രാഹുൽ ഗാന്ധി രമ്യയെ കണ്ടെത്തിയ കാര്യവും തുടർന്ന് യൂത്ത് കോൺഗ്രസിലെ ഉത്തരവാദിത്തപ്പെട്ട ചുമതല രമ്യ നിർവഹിച്ചതിനെ കുറിച്ചും വീഡിയോ പരാമർശിക്കുന്നു.

ആലത്തൂരില്‍ തികച്ചും ആധികാരികമായിരുന്നു രമ്യാ ഹരിദാസിന്‍റെ ജയം. ഇടതുസ്ഥാനാര്‍ത്ഥി പി.കെ ബിജുവിനെ 1,58,968 വോട്ടിന്‍റെ വന്‍ ഭൂരിപക്ഷത്തിലാണ് രമ്യാ ഹരിദാസ് പരാജയപ്പെടുത്തിയത്. ഇടതുനേതാക്കള്‍ പ്രചാരണത്തിനിടെ  വ്യക്തിപരമായി പോലും അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയപ്പോഴും ആലത്തൂരിലെ ജനതയ്ക്ക് തന്നെ അറിയാമെന്ന ആത്മവിശ്വാസമായിരുന്നു രമ്യ പ്രകടിപ്പിച്ചത്. ആ വിശ്വാസത്തെ ആലത്തൂരിലെ ജനത നെഞ്ചേറ്റിയപ്പോള്‍ രമ്യക്ക് ലഭിച്ചത് ആധികാരിക ജയം മാത്രമല്ല, തന്നെ അധിക്ഷേപിച്ചവര്‍ക്കുള്ള മാന്യമായ മറുപടിയും കൂടിയായിരുന്നു.

‘രമ്യയിലെ പ്രതിഭയെ വിശ്വസിക്കുന്നതുകൊണ്ടുതന്നെയാണ് രാഹുൽ ഗാന്ധി രമ്യക്ക് മത്സരിക്കാൻ അവസരം നൽകിയത്. കേരളത്തിൽനിന്നുള്ള ഏകവനിതാ എം.പിയാണ് രമ്യ. അതിൽ ഞങ്ങൾ അഭിമാനിക്കുന്നു’ എന്ന വാക്കുകളോടെയാണ് വീഡിയോ അവസാനിക്കുന്നത്.