ചികിത്സാ ചിലവ് 8 ലക്ഷം, സർക്കാർ വാക്കു പാലിക്കാതെ വഞ്ചിച്ചു; ആശുപത്രിയില്‍ കുടുങ്ങി കാട്ടുപോത്ത് ആക്രമണത്തില്‍ പരിക്കേറ്റയാള്‍

Jaihind Webdesk
Tuesday, April 30, 2024

 

ഇടുക്കി: ഇടുക്കി കുമളിയിൽ കാട്ടുപോത്തിന്‍റെ അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സ്പ്രിംഗ് വാലി സ്വദേശി എം.ആർ. രാജീവ് ആശുപത്രിയിൽ ബില്ലടക്കാതെ ബുദ്ധിമുട്ടിൽ. ചികിത്സയ്ക്ക് പീരുമേട് എംഎൽഎ വാഴൂർ സോമനും സർക്കാരും വാഗ്ദാനം നൽകിയ പണം നൽകാതെ വഞ്ചിച്ചു. എഴ് ലക്ഷം രൂപ ചികിത്സാ പണം അടക്കാതെ രാജീവിനെ ഡിസ്ചാർജ് ചെയ്യില്ലെന്നും സ്വകാര്യ ആശുപത്രി അധികൃതർ വ്യക്തമാക്കി. വിഷയത്തില്‍ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു.

കഴിഞ്ഞ മാർച്ച് 29 ന്  ദുഃഖവെള്ളി ദിനത്തിൽ കുരിശുമല കയറി ഇറങ്ങും വഴിയാണ് രാജീവിനെ കാട്ടുപോത്ത്  ആക്രമിച്ചത്. സർക്കാർ വാഗ്ദാനം ചെയ്ത പണം അനുവദിക്കാത്തതിനാൽ യുവാവിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യാതിരിക്കുകയാണ്. ചികിത്സാ തുകയായ 7 ലക്ഷം രൂപ കിട്ടിയാല്‍ മാത്രമേ ഡിസ്ചാർജ് ചെയ്യൂ എന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്.

ഗുരുതരാവസ്ഥയിലായ രാജീവിനെ വണ്ടിപ്പെരിയാറിലും പിന്നീട് വിദഗ്ധ ചികിത്സക്കായി പാല മാർ സ്ലീവ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ ആന്തരികാവയവങ്ങൾ തകർന്ന രാജീവ് തലനാരിഴയ്ക്കാണ് ജീവൻ നിലനിർത്തിയത്. ജനവാസ മേഖലയിൽ ഇറങ്ങി കാട്ടുപോത്ത് ആക്രമിച്ച സംഭവത്തിൽ നാട്ടുകാർ കനത്ത പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. തുടർന്ന് എംഎൽഎയുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ നടന്ന ചർച്ചയെ തുടർന്ന് ആശുപത്രിയിലെ ചികിത്സാ ചിലവ് സർക്കാർ വഹിക്കുമെന്ന് വനം മന്ത്രി വ്യക്തമാക്കിയിരുന്നു.

20 ദിവസത്തിന് ശേഷം ആശുപത്രിയിൽ നിന്നും വീട്ടിൽ എത്തിയെങ്കിലും വീണ്ടും ഗുരുതരാവസ്ഥയിൽ കഴിഞ്ഞ 17 ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആദ്യഘട്ട ചികിത്സയിൽ ആറു ലക്ഷം രൂപയും രണ്ടാം ഘട്ടത്തിൽ 2 ലക്ഷം രൂപയുമാണ് ചികിത്സയ്ക്ക് ചിലവായത്. ഇതിൽ ഒരു ലക്ഷം രൂപ മാത്രമാണ് ആശുപത്രിയിൽ അടച്ചിട്ടുള്ളത്. മുഴുവൻ തുകയും അടക്കാതെ ഡിസ്ചാർജ് ചെയ്യില്ല എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വാഗ്ദാനം ചെയ്ത ചികിത്സ, ചിലവ് നൽകാതെ സർക്കാർ കബളിപ്പിക്കുകയാണെന്നാണ് രാജീവിന്‍റെ കുടുംബം പറയുന്നത്. ഇക്കാര്യത്തിൽ മനുഷ്യത്വപരമായ ഇടപെടൽ സർക്കാർ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.