സോണിയാഗാന്ധിക്ക് പിന്നാലെ അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി

Jaihind News Bureau
Wednesday, February 26, 2020

ഡല്‍ഹിയിൽ നടക്കുന്ന വർഗീയ അക്രമങ്ങളില്‍ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാഷ്ട്രതലസ്ഥാനത്ത് സമാധാനം സ്ഥാപിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് പറഞ്ഞ പ്രിയങ്ക ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഡല്‍ഹിയിൽ നടക്കുന്ന വ്യാപക അക്രമങ്ങൾക്കിടെ സ്നേഹം, ഐക്യം, സമാധാനം എന്നിവ അഭ്യർത്ഥിച്ചു കൊണ്ട് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ നടന്ന സമാധാന മാർച്ചില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.

വടക്ക് കിഴക്കൻ ഡൽഹിയിലെ അക്രമങ്ങൾ അവസാനിപ്പിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു ഡൽഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമാധാന മാർച്ച് നടന്നത്. എ ഐ സി സി ആസ്ഥാനത്ത് നിന്നും ആരംഭിച്ച് ഗാന്ധി സ്മൃതിയിലേക്കുള്ള യാത്രാമധ്യേ രാജ്ഘട്ട് മാര്‍ച്ച് ജൻപത്തിൽ പോലീസ് തടഞ്ഞു. തുടർന്ന് നേതാക്കൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

“ദേശീയ തലസ്ഥാനത്ത് സമാധാനം സ്ഥാപിക്കേണ്ടത് സർക്കാരിന്‍റെയും ആഭ്യന്തരമന്ത്രിയുടെയും കടമയാണ്, പക്ഷേ അവർ അക്കാര്യത്തില്‍ പരാജയപ്പെട്ടു,” പ്രിയങ്ക ഗാന്ധി പറഞ്ഞു. രാജി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിയുടെ വീട്ടിലേക്ക് പോകാനും സംഘം ആഗ്രഹിക്കുന്നുവെന്നും പ്രിയങ്ക വ്യക്തമാക്കി.

കലാപബാധിതരുടെ ഭവനങ്ങള്‍ സന്ദർശിക്കണമെന്നും സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സന്ദേശങ്ങള്‍ അവരിലേയ്ക്ക് എത്തിക്കണമെന്നും പാർട്ടി പ്രവർത്തകരോട് പ്രിയങ്ക ഗാന്ധി അഭ്യർത്ഥിച്ചു.

എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി.വേണുഗോപാലിനും മുകുൾ വാസ്‌നിക്കിനും പുറമെ കോണ്‍ഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല, പി.എൽ പുനിയ, രാജീവ് ഗൗഡ, ശക്തിസിങ് ഗോഹിൽ, യുപി കോൺഗ്രസ് അധ്യക്ഷന്‍ അജയ് സിംഗ് ലല്ലു, മണിശങ്കർ അയ്യർ, മഹിള കോൺഗ്രസ് അഖിലേന്ത്യ അധ്യക്ഷ സുസ്മിത ദേവ്, കൃഷ്ണ തീരത്ത്, സുഭാഷ് ചോപ്ര തുടങ്ങി നിരവധി നേതാക്കള്‍ മാർച്ചിൽ പങ്കെടുത്തു.

വടക്കുകിഴക്കൻ ദില്ലിയിൽ ഞായറാഴ്ച മുതൽ അരങ്ങേറുന്ന അക്രമങ്ങളില്‍ 23 ലേറെ പേർ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.