ട്രംപിന്‍റെ വരവിനായി 100 കോടി രൂപ ചെലവിടുന്ന മന്ത്രാലയമേത്? കമ്മിറ്റിയുടെ മറവിൽ സർക്കാർ എന്താണ് മറയ്ക്കുന്നതെന്ത്..? കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്കാ ഗാന്ധി

Jaihind News Bureau
Saturday, February 22, 2020

അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ സന്ദർശനത്തിന്‍റെ പേരില്‍ ചെലവിടുന്ന തുക സംബന്ധിച്ച് കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ട്രംപിന്‍റെ ഇന്ത്യന്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘നമസ്‌തേ ട്രംപ്” എന്ന പരിപാടിക്കായി കേന്ദ്രസര്‍ക്കാറിന്‍റെ ഏത് മന്ത്രാലയമാണ് 100 കോടി അനുവദിച്ചതെന്ന് വ്യക്തമാക്കണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു.

“പ്രസിഡന്‍റ് ട്രംപിന്‍റെ വരവിനായി 100 കോടി രൂപ ചെലവഴിക്കുന്നു. എന്നാൽ ഈ പണം ഒരു കമ്മിറ്റി വഴിയാണ് ചെലവഴിക്കുന്നത്. കമ്മിറ്റിയിലെ അംഗങ്ങൾക്ക് അവർ അതിന്‍റെ അംഗങ്ങളാണെന്ന് അറിയില്ല. ഏത് മന്ത്രാലയമാണ് കമ്മിറ്റിക്ക് എത്ര പണം നൽകിയതെന്ന് അറിയാൻ രാജ്യത്തിന് അവകാശമില്ലേ? കമ്മിറ്റിയുടെ മറവിൽ സർക്കാർ എന്താണ് മറയ്ക്കുന്നത്?” പ്രിയങ്കാ ഗാന്ധി ട്വിറ്റർ കുറിപ്പില്‍ ആവശ്യപ്പെട്ടു.