കരിപ്പൂരില്‍ സ്വർണ്ണക്കടത്ത് സംഘം അറസ്റ്റില്‍; 56 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി

Jaihind Webdesk
Wednesday, May 1, 2024

 

മലപ്പുറം: കരിപ്പൂരിൽ സ്വർണ്ണം കടത്തിയ യാത്രക്കാരനും കടത്ത് സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാന്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിയ 6 പേരടങ്ങിയ കവര്‍ച്ചാ സംഘവും അറസ്റ്റില്‍. മലപ്പുറം എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് സ്വർണ്ണക്കടത്ത് സംഘത്തെ പിടികൂടിയത്.

56 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടത്തിയ യാത്രക്കാരനും ഇത് കവര്‍ച്ച ചെയ്യാനെത്തിയ ആറംഗ സംഘവുമാണ് പിടിയിലായത്. ഖത്തറില്‍ നിന്നും സ്വര്‍ണ്ണം കടത്തിയ യാത്രക്കാരനും ഇയാളുടെ അറിവോടെ സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാനെത്തിയവരെയും എയർപോർട്ട് പരിസരത്തുവെച്ചാണ് പോലീസ് പിടികൂടിയത്. അനധികൃതമായി സ്വര്‍ണ്ണം കടത്തിക്കൊണ്ടു വരുന്നുണ്ടെന്നും അത് കവര്‍ച്ച ചെയ്യാന്‍ ഒരു ക്രിമിനല്‍ സംഘം എയര്‍പോര്‍ട്ട് പരിസരത്ത് നിലയുറപ്പിച്ചിട്ടുണ്ടെന്നും മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശീധരന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ എയര്‍പോര്‍ട്ട് പരിസരങ്ങളില്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിരുന്നു.

കസ്റ്റംസ് പരിശോധനകളെ അതിജീവിച്ച് കടത്ത് സ്വര്‍ണ്ണവുമായിഎയര്‍പോര്‍ട്ടിന് പുറത്തെത്തിയ കുറ്റ്യാടി സ്വദേശി ലബീബ് എന്ന യാത്രക്കാരനെയാണ് പോലീസ് ആദ്യം പിടി കൂടിയത്. എയര്‍പോര്‍ട്ട് പരിസരത്ത് സംശയാസ്പദമായ രീതിയില്‍ നിലയുറപ്പിച്ച കണ്ണൂര്‍ പാനൂര്‍ സ്വദേശികളായ നിധിന്‍ (26), അഖിലേഷ് (26), മുജീബ് എന്നിവരെയാണ് ആദ്യം പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കവര്‍ച്ചാ സംഘത്തിന്‍റെ വിശദമായ പദ്ധതി പോലീസിന് അറിയാന്‍ സാധിച്ചത്.

തുടർന്ന് എയര്‍പോര്‍ട്ടിന് പുറത്ത് മറ്റൊരു കാറിൽ സ്വർണ്ണം തട്ടാൻ കാത്തുനിന്നിരുന്ന പാനൂര്‍ സ്വദേശികളായ അജ്മല്‍ (36), മുനീര്‍ (34), നജീബ് (45), എന്നിവരെക്കുറിച്ച് പോലീസിന് വിവരം കിട്ടിയത്. എന്നാൽ ഇവർ പദ്ധതി ഉപേക്ഷിച്ച് കാറില്‍ കടന്നു കളയുകയായിരുന്നു. ഇതോടെ പോലീസ് കവര്‍ച്ചാ സംഘത്തെ പിന്തുടര്‍ന്ന് കണ്ണൂര്‍ ചൊക്ലിയില്‍ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. കടത്ത് സ്വര്‍ണ്ണം കവര്‍ച്ച ചെയ്ത് തുല്യമായി പങ്കിട്ടെടുക്കാനായിരുന്നു ഇവര്‍ പദ്ധതിയിട്ടിരുന്നത്.