മേയർ വിവാദം; കെഎസ്‍ആർടിസി ബസിലെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നു

Jaihind Webdesk
Wednesday, May 1, 2024

 

തിരുവനന്തപുരം: നടുറോഡിൽ മേയറും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറുമായി വാക്കേറ്റമുണ്ടായ സംഭവത്തിൽ ബസിലെ സിസി ടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നു. കേസിലെ നിര്‍ണായക തെളിവ് ശേഖരിക്കാന്‍ ബസ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് പോലീസ് കെഎസ്ആർടിസിക്ക് കത്ത് നല്‍കിയിരുന്നു.

വിവാദമായ കേസിലെ നിര്‍ണായക തെളിവ് ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പോലീസ് ബസിനുള്ളിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്. തൃശൂരിലേക്ക് പോയിരുന്ന ബസ് തിരിച്ചെത്തിയപ്പോഴാണ് പോലീസ് പരിശോധിക്കാനായി കസ്റ്റഡിയിലെടുത്തത്. ബസ് അമിത വേഗത്തിലായിരുന്നോ, വാഹനങ്ങളെ ഓവര്‍ടേക്ക്  ചെയ്തിരുന്നോ എന്ന കാര്യത്തിലും സിസി ടിവിയിലെ ദൃശ്യങ്ങള്‍ നിര്‍ണായകമാകും. എന്നാൽ ഈ സിസി ടിവി ക്യാമറകള്‍ പ്രവർത്തിക്കുന്നുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

ബസിലെ യാത്രക്കാരുടെ പട്ടിക കെഎസ്ആര്‍ടിസി അധികൃതര്‍ പോലീസിന് കൈമാറിയിട്ടുണ്ട്. ഇവരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും. മേയർക്കും എംഎൽഎക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡ്രൈവര്‍ യദു, സിറ്റി പോലീസ് കമ്മീഷണർക്ക് കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇനിയും തുടർ നടപടികൾ സ്വീകരിച്ചിട്ടില്ല. മേയറുടെ പരാതിയിൽ നടക്കുന്ന അന്വേഷണത്തിനുശേഷം മാത്രം ഈ പരാതി സ്വീകരിച്ചാൽ മതി എന്ന നിലപാടിലാണ് പോലീസ്.

ഡ്രൈവർ യദുവിനെ നിലവിൽ ഡ്യൂട്ടിയിൽ നിന്നും മാറ്റിനിർത്തിയിരിക്കുകയാണ്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നത്. സംഭവം കൂടുതൽ വിവാദമാകുന്നതിനിടയിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള സൈബര്‍ ആക്രമണത്തിനെതിരെ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്.