റെഡ് അലർട്ട് പിന്‍വലിച്ചു; ഇന്ന് എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Jaihind Webdesk
Tuesday, May 21, 2024

 

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മൂലം പ്രഖ്യാപിച്ച റെഡ് അലർട്ട് പിന്‍വലിച്ചു. എന്നാല്‍ എട്ട് ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  ബാക്കി എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

നാളെ രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ടയിലും ഇടുക്കിയിലുമാണ് നാളെ റെഡ് അലര്‍ട്ടുള്ളത്. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ട്. മഴയ്ക്ക് പുറമെ ശക്തമായ കാറ്റും കടല്‍ക്ഷോഭവുമുണ്ടാവുമെന്ന് മുന്നറിയിപ്പുണ്ട്. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.  തീരദേശത്തുള്ളവര്‍ കാര്യമായ ശ്രദ്ധ പുലര്‍ത്തണം. അറിയിപ്പുണ്ടാകുന്നത് വരെ മത്സ്യബന്ധനം പാടുള്ളതല്ല. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ മലയോരമേഖലയില്‍ താമസിക്കുന്നവരും ശ്രദ്ധിക്കണം.