മോദിയുടെ ഉറപ്പുകള്‍ വെറുംവാക്ക്; ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ കടം എഴുതി തള്ളും: മല്ലികാര്‍ജുന്‍ ഖാര്‍ഗെ

Jaihind Webdesk
Tuesday, May 21, 2024

ഹരിയാന: ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ കടം എഴുതി തള്ളുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. നിങ്ങള്‍ വോട്ട് തരൂ, ഞങ്ങള്‍ മോദിയെ അധികാരത്തില്‍ നിന്നും നീക്കം ചെയ്യാമെന്നും ഖാര്‍ഗെ ഹരിയാനയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.

നുണയനാണ് നരേന്ദ്ര മോദി.  പത്ത് വര്‍ഷത്തിനിടെ പറഞ്ഞ കാര്യങ്ങളൊന്നും മോദി നടപ്പാക്കിയിട്ടില്ല. വിദേശത്തുനിന്നുള്ള കള്ളപ്പണം ഇന്ത്യയിലെത്തിച്ച് എല്ലാവരുടേയും അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ നല്‍കുമെന്ന് മോദി പറഞ്ഞിരുന്നു.  എന്നാല്‍ ഇതുവരെ നടന്നിട്ടില്ല. കര്‍ഷകരുടെ വരുമാനം ഇരട്ടിക്കുമെന്ന് മോദി ഉറപ്പ് നല്‍കി. കര്‍ഷകര്‍ക്ക് ഉണ്ടായിരുന്ന വരുമാനം നഷ്ടമാവുകയാണ് ചെയ്തത്. രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിച്ചു. ദരിദ്രര്‍ക്കും പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ആധിവാസികള്‍ക്കുമെല്ലാം സര്‍ക്കാര്‍ ജോലി ലഭിച്ചിരുന്നെങ്കില്‍ അവര്‍ക്ക് ഏറെ സഹായകമായേനെ. കേന്ദ്ര സര്‍ക്കാരില്‍ 30 ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ നികത്താതെ കിടക്കുന്നുണ്ടെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ കടം എഴുതി തള്ളും.  മുന്‍ മന്‍മോഹന്‍ സര്‍ക്കാര്‍ കര്‍ഷകരുടെ കടം എഴുതിത്തള്ളിയിട്ടുണ്ടെന്നും ഖാര്‍ഗെ ഹരിയാനയിലെ വോട്ടര്‍മാരെ ഓര്‍മ്മിപ്പിച്ചു.

ഇന്ത്യയുടെ ഭരണഘടന മാറ്റിയെഴുതാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ല. ജൂണ്‍ 5ന് ഇന്ത്യാ മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വരും. 5ന് ശേഷം മോദി ഭരണത്തിലുണ്ടാവില്ലെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. നോട്ട് നിരോധനത്തിലൂടെ മോദിയും കൂട്ടരും ജനങ്ങളെ തെരുവില്‍ നിര്‍ത്തി.  പെട്രോള്‍ വില സര്‍വകാല റെക്കോര്‍ഡിലെത്തിച്ചു. പാചകവാതക വില – പാലിന്‍റെ വില അങ്ങനെ സാധാരണക്കാരന്‍റെ നിത്യോപയോക സാധനങ്ങളുടെ വില കുതിച്ചുയര്‍ന്നുവെന്നും ഖാര്‍ഗെ പറഞ്ഞു. നിങ്ങള്‍ വോട്ട് തരൂ ഞങ്ങള്‍ മോദിയെ അധികാരത്തില്‍ നിന്നും നീക്കുമെന്നും ഖാര്‍ഗെ വ്യക്തമാക്കി.