രാജീവ് ഗാന്ധിക്ക് രാജ്യത്തിന്‍റെ പ്രണാമം… ഇന്ന് 34-ാം രക്തസാക്ഷിത്വ ദിനം

Jaihind Webdesk
Tuesday, May 21, 2024

 

ഇന്ന് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 34-ാം രക്തസാക്ഷിത്വ ദിനം. 1991 മെയ് 21 ന് ശ്രീപെരുമ്പുദൂരിൽ വെച്ചാണ് രാജീവ്ഗാന്ധി കൊല്ലപ്പെട്ടത്. ഇന്ത്യയെ പുതുയുഗത്തിലേക്ക് നയിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം. ചരിത്രത്തിൽ നിരവധി അടയാളങ്ങൾ രേഖപ്പെടുത്തിയാണ് രാജീവ് ഗാന്ധി കടന്നു പോയത്. ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കു വഹിച്ച ആ ഭരണാധികാരിയുടെ ഒരിക്കലും മരിക്കാത്ത ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുകയാണ് രാജ്യം. 1991 മെയ് 21 ന് ശ്രീ പെരുമ്പുദൂരിന്‍റെ മണ്ണിൽ മാഞ്ഞു പോയത് ഇന്ത്യയുടെ ശ്രീത്വമാണ്. ചിതറിത്തെറിച്ചത് ഒരു രാജ്യത്തിന്‍റെയാകെ സ്വപ്നങ്ങളാണ്. എരിഞ്ഞടങ്ങിയത് ഒരു ജനതയുടെ പ്രതീക്ഷകളാണ്.

ഇന്ദിരാ ഗാന്ധിയുടെ മരണ ശേഷം നാൽപ്പതാമത്തെ വയസിലായിരുന്നു രാജീവ് ഗാന്ധി പ്രധാനമന്ത്രിപദത്തിലേക്ക് എത്തിയത്. ഇന്ത്യയിൽ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി രാജീവ് ഗാന്ധി അധികാരത്തിലെത്തി. 1984 ലെ പൊതുതിരഞ്ഞെടുപ്പിൽ ഇന്ത്യൻ പാർലമെന്‍റ് കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തിലായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധികാരത്തിലെത്തിയത്. 491 ലോക്സഭാ മണ്ഡലങ്ങളിൽ മത്സരിച്ച കോൺഗ്രസിന് 404 സീറ്റുകൾ നേടാൻ കഴിഞ്ഞത് രാജീവ് ഗാന്ധിയുടെ അസാധാരണമായ വ്യക്തിത്വം കൊണ്ടു കൂടിയായിരുന്നു. വിദ്യാഭ്യാസ രംഗത്തും, ശാസ്ത്ര സാങ്കേതിക വാർത്താവിനിമയ രംഗങ്ങളിലും ഇന്ത്യയിൽ ഇന്നു കാണുന്ന പുരോഗതിക്ക് അടിത്തറയിട്ടത് രാജീവ് ഗാന്ധിയുടെ ദിശാബോധമായിരുന്നു.

1981 മുതൽ 1991 വരെ വെറും 10 കൊല്ലം മാത്രം നീണ്ടുനിന്ന രാഷ്ട്രീയ ജീവിതം. അതിനിടെ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായി. ഭരണകാലയളവിനെ അടയാളപ്പെടുത്തും വിധമുള്ള നിർണായകവും ശ്രദ്ധേയവുമായ തീരുമാനങ്ങളും നടപടികളും. അതിലൊന്നിന്‍റെ പരിണിതഫലമെന്നോണം ചാവേർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെടുമ്പോൾ രാജീവ് ഗാന്ധിക്ക് വയസ് 46. ചെറിയൊരു കാലഘട്ടം കൊണ്ടു തന്നെ ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്ന ഭരണ നടപടികൾ രാജീവിലെ ക്രാന്തദർശിത്വം വ്യക്തമാക്കുന്നതായിരുന്നു. ശാസ്ത്ര സാങ്കേതിക രംഗം, കമ്പ്യൂട്ടർ, എയർലൈൻസ്, പ്രതിരോധം, കമ്യൂണിക്കേഷൻ തുടങ്ങിയ മേഖലകളിൽ രാജ്യം വളർന്നു. ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ദേശീയ നയവും രാജീവ് സർക്കാരിന്‍റെ സംഭാവനയാണ്. ഇന്ത്യയിൽ ടെലികോം വിപ്ലവം സാധ്യമായത് രാജീവിന്‍റെ കാലത്തായിരുന്നു. രാജ്യത്ത് പഞ്ചായത്തിരാജ് സംവിധാനത്തിന് അടിത്തറയിട്ടു. 21 ആയിരുന്ന വോട്ടവകാശം 18 ആക്കിയതും അധികാര വികേന്ദ്രീകരണത്തിന്‍റെ പുതിയ വാതായനങ്ങൾ തുറന്ന് 73-ാം ഭരണഘടനാ ഭേദഗതിയിലൂടെ പഞ്ചായത്തിരാജ് നിയമമാക്കിയതും കൂറുമാറ്റ നിരോധന നിയമവുമെല്ലാം രാജീവ് ഗാന്ധിയുടെ സംഭാവനകളാണ്.

സജീവ ഇടപെടലുകളുടെ വിദേശനയമായിരുന്നു രാജീവ് സ്വീകരിച്ചിരുന്നത്. സീഷെൽസിലെയും മാലി ദ്വീപിലെയും പട്ടാള അട്ടിമറികളെ പ്രതിരോധിക്കാൻ ഇന്ത്യ സൈന്യത്തെ അയച്ചു. ഇന്ത്യ-പാക് അതിർത്തിയിലെ സിയാച്ചിൻ മേഖലയിലെ ഖ്വയ്ദ് പോസ്റ്റ്, ഓപ്പറേഷൻ രാജീവിലൂടെ തിരിച്ചുപിടിച്ചു. ശ്രീലങ്കൻ ആഭ്യന്തരയുദ്ധത്തിൽ ഇടപെടാനുള്ള രാജീവിന്‍റെ തീരുമാനമുണ്ടാകുന്നത് 1986 ലാണ്. ഇതേത്തുടർന്ന് എൽടിടിഇയുടെ ശത്രുവായി രാജീവ് ഗാന്ധി മാറി. ഒടുവിൽ 1991 മെയ് 21 ന് മനുഷ്യ ബോംബായി മാറിയ തനുവിലൂടെ തമിഴ് പുലികൾ രാജീവിനെ വധിച്ചു. ആധുനിക ഇന്ത്യയുടെ സൃഷ്ടാവായ രാജീവ് ഗാന്ധി ശ്രീപെരുമ്പുദൂരിൽ വെച്ച് എൽടിടി തീവ്രവാദികളാൽ വധിക്കപ്പെട്ടപ്പോൾ അനാഥമായത് ഒരു രാജ്യവും ജനതയുമായിരുന്നു.

കാലം ഉരുണ്ടുകൊണ്ടേയിരിക്കുകയാണ്. പതിറ്റാണ്ടുകൾക്കിപ്പുറം മതേതര ഇന്ത്യയുടെ പ്രതീക്ഷയായി മകൻ രാഹുൽ ഗാന്ധി ഉദിച്ചുയർന്നു നിൽക്കുന്നു. മകൾ പ്രിയങ്കയെ ഇന്ത്യയിലെ ജനകോടികൾ വാത്സല്യത്തണൽ വിരിച്ചാണ് വരവേൽക്കുന്നത്. രാജീവ് അവശേഷിപ്പിച്ചു പോയ ഓർമ്മകളുടെ കരുത്തിൽ പ്രിയ പത്നി സോണിയ ദീർഘകാലം ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ നയിച്ചു. മുന്നോട്ടുള്ള പാതയിൽ കെടാവിളക്കായി രാജീവിന്‍റെ സ്മരണകൾ ജ്വലിക്കുമ്പോൾ ഈ രാജ്യം ഇരുട്ടിലാകില്ലെന്ന് ഓരോ ജനാധിപത്യ വിശ്വാസിക്കും പ്രതീക്ഷിക്കാം. ഇന്നും ഇന്ത്യൻ ജനത രാജീവ് ഗാന്ധിയെ നിറസ്മരണകളോടെയാണ് ഓർക്കുന്നത്. അദ്ദേഹത്തിന്‍റെ സ്മാരകത്തിൽ കൊത്തിവച്ചിരിക്കുന്ന വാക്കുകൾ ഇങ്ങനെയാണ് ‘എനിക്കും ഒരു സ്വപ്നമുണ്ട്. ലോകരാജ്യങ്ങളുടെ മുൻനിരയിൽ, മാനവ സമൂഹത്തിന്‍റെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന ശക്തവും സ്വതന്ത്രവും സ്വാശ്രയത്വവുമുള്ള ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നം.’  ശക്തവും സ്വതന്ത്രവുമായ ഇന്ത്യയെ സ്വപ്നം കണ്ട സമാരാധ്യനായ നേതാവിന്‍റെ ഓർമ്മകൾക്ക് മുന്നിൽ ഇന്ത്യൻ ജനതയുടെ പ്രണാമം.