സിംഗപ്പുർ എയർലൈന്‍സ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് ഒരു മരണം, 30 പേർക്ക് പരുക്ക്

Jaihind Webdesk
Tuesday, May 21, 2024

 

ലണ്ടൻ: സിംഗപ്പുർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽപ്പെട്ടുണ്ടായ അപകടത്തില്‍ ഒരാൾ മരിച്ചു. 30 പേർക്ക് പരുക്കേറ്റു. ചുഴിയിൽ പെട്ടതിന് പിന്നാലെ വിമാനം അടിയന്തരമായി ബാങ്കോക്ക് സുവർണഭൂമി വിമാനത്താവളത്തിൽ ഇറക്കി. ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള എസ്ക്യു 321 വിമാനമാണ് ആകാശച്ചുഴിയിൽ പെട്ടത്. വിമാനത്തിൽ 211 യാത്രക്കാരും 18 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.

ബോയിംഗ് 777-300 ഇആർ വിമാനത്തിന് അടിയന്തര ലാന്‍ഡിംഗ് നടത്തേണ്ടിവന്നതിനാല്‍ വിമാനത്താവളത്തിൽ ആംബുലൻസുകൾ ഉൾപ്പെടെ സജ്ജീകരിച്ചിരുന്നു. എല്ലാ യാത്രക്കാർക്കും ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് എയർലൈൻസ് അധികൃതർ അറിയിച്ചു. കൂടുതൽ സഹായത്തിനായി പ്രത്യേക സംഘത്തെ ബാങ്കോക്കിലേക്ക് അയയ്ക്കുമെന്നും അറിയിച്ചിട്ടുണ്ട്. അപകടത്തിൽ മരിച്ച യാത്രക്കാരന്‍റെ കുടുംബത്തിനും പരുക്കേറ്റ യാത്രക്കാർക്കും എല്ലാവിധ സഹായവും എത്തിക്കുമെന്ന് സിംഗപ്പൂർ ട്രാൻസ്പോർട്ട് മന്ത്രി ചീ ഹോംഗ് ടാറ്റ് അറിയിച്ചു. മരിച്ചയാളുടെ കുടുംബത്തെ സിംഗപ്പൂർ എയർലൈൻസിന്‍റെ അഗാധമായ അനുശോചനം അറിയിക്കുന്നതായി സിംഗപ്പുർ എയർലൈൻസ് തങ്ങളുടെ ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.