‘രാജ്യതാൽപര്യത്തിന് മുൻതൂക്കം നൽകിയ പ്രധാനമന്ത്രി’; കെപിസിസിയില്‍ രാജീവ് ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു

Jaihind Webdesk
Tuesday, May 21, 2024

 

തിരുവനന്തപുരം : രാജീവ് ഗാന്ധിയുടെ 34-ാം രക്തസാക്ഷിത്വ ദിനാചരണത്തിന്‍റെ ഭാഗമായി കെപിസിസി ആസ്ഥാനത്ത് നേതാക്കളും പ്രവർത്തകരും ആദരാഞ്ജലികൾ അർപ്പിച്ചു. സ്വന്തം താല്‍പര്യത്തിനും പാർട്ടി താൽപര്യത്തിനും ഉപരിയായി രാജ്യത്തിന്‍റെ താൽപര്യത്തിന് മുൻതൂക്കം നൽകിയ പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധിയെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ. ആന്‍റണി അനുസ്മരിച്ചു.

രാജ്യത്തെ ശാസ്ത്ര സാങ്കേതിക മികവിനും ഡിജിറ്റൽ ഇന്ത്യയ്ക്കും അടിത്തറ പാകിയത് രാജീവ് ഗാന്ധിയായിരുന്നെന്നും ഇന്നത്തെ ഭരണാധിപന്മാർ അധികാരത്തിന് വേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കുമ്പോൾ രാജ്യത്തിന്‍റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി പോരാടിയ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹമെന്നും എ.കെ. ആന്‍റണി ചടങ്ങില്‍ പറഞ്ഞു. കെപിസിസി ആസ്ഥാനത്ത് നടന്ന അനുസ്മരണ ചടങ്ങ്  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനാധിപത്യത്തോട് ഏറെ വിധേയത്വം കാട്ടിയ നേതാവായിരുന്നു രാജീവ് ഗാന്ധിയെന്ന് കെ. മുരളീധരൻ അനുസ്മരിച്ചു. എൻ. ശക്തൻ അധ്യക്ഷത വഹിച്ച അനുസ്മരണ ചടങ്ങിൽ കൊടിക്കുന്നിൽ സുരേഷ്, പന്തളം സുധാകരൻ, ഡോ. ജോര്‍ജ് ഓണക്കൂര്‍, മരിയപുരം ശ്രീകുമാർ, ജി.എസ്. ബാബു  തുടങ്ങിയവര്‍ പങ്കെടുത്തു.