‘ഭഗവാൻ ജഗന്നാഥൻ മോദിയുടെ ഭക്തനെന്ന’ സംബിത് പത്രയുടെ പരാമർശം; ദൈവത്തെ അപമാനിക്കല്‍, വിമർശനവുമായി കോണ്‍ഗ്രസ്

Jaihind Webdesk
Tuesday, May 21, 2024

 

ന്യൂഡല്‍ഹി: ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭക്തനാണ് ഭഗവാന്‍ ജഗന്നാഥന്‍’ എന്ന ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രസ്താവന വിവാദത്തില്‍. ഒഡിഷയിലെ പുരി ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി സംബിത് പത്രയുടെ പരാമര്‍ശമാണ് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. ഭഗവാന്‍ ജഗന്നാഥന്‍ മോദിയുടെ ഭക്തനാണെന്ന പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് രൂക്ഷമായി പ്രതികരിച്ചു.

തിങ്കളാഴ്ച പുരിയില്‍ നടന്ന റോഡ് ഷോയില്‍ നരേന്ദ്ര മോദിക്കൊപ്പം പങ്കെടുത്ത ശേഷം ഒരു പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സംബിത് പത്രയുടെ വിവാദ പ്രസ്താവന. ഭഗവാന്‍ ജഗന്നാഥന്‍ മോദിയുടെ ഭക്തനാണെന്നും നമ്മള്‍ എല്ലാവരും മോദിയുടെ കുടുംബത്തിലെ അംഗങ്ങള്‍ ആണെന്നുമായിരുന്നു ജനക് ടിവിയിലെ അഭിമുഖത്തില്‍ പത്ര പറഞ്ഞത്.
സംബിത് പത്ര മാപ്പുപറയണമെന്നും ഭഗവാന്‍ ജനഗന്നാഥന്‍റെ പേരില്‍ സംബിത് പത്ര രാഷ്ട്രീയം കളിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ജഗന്നാഥനെ അപമാനിച്ചത് രാജ്യവും ഒഡിഷക്കാരും സഹിക്കില്ലെന്ന് ഒഡിഷയുടെ എഐസിസി ചുമതല വഹിക്കുന്ന അജോയ് കുമാര്‍ പറഞ്ഞു.

പത്രയേയും ബിജെപിയേയും രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും രംഗത്തെത്തി. ദൈവത്തേക്കാളും മുകളിലാണ് തങ്ങള്‍ എന്ന് അവര്‍ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. അഹങ്കാരത്തിന്‍റെ പാരമ്യത്തിലാണിത്. ഭഗവാനെ മോദിയുടെ ഭക്തന്‍ എന്ന് പറയുന്നത് ദൈവത്തെ അപമാനിക്കലാണെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. സംബിത് പത്രയുടെ പരാമര്‍ശത്തെ ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അപലപിച്ചു. ഭഗവാന്‍ ജഗന്നാഥന്‍ ഒരു മനുഷ്യന്‍റെ ഭക്തനാണെന്ന് പറയുന്നത് ഭഗവാനെ അപമാനിക്കലാണ്. ഇത് ലോകമെമ്പാടുമുള്ള ജഗന്നാഥ ഭക്തരുടേയും ഒഡിഷക്കാരുടേയും വികാരത്തെ വ്രണപ്പെടുത്തലാണെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. അതേസമയം, തനിക്ക് നാക്കു പിഴ സംഭവിച്ചതാണെന്ന് വിശദീകരിച്ച് സംബിത് പത്ര രംഗത്തെത്തി.