സത്യം എന്നായാലും പുറത്തുവരും എന്നതിന്‍റെ തെളിവാണ് കെ. സുധാകരനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി; വേട്ടയാടിയതിന് മാപ്പ് പറയണം: രമേശ് ചെന്നിത്തല

Jaihind Webdesk
Tuesday, May 21, 2024

 

തിരുവനന്തപുരം: കഴിഞ്ഞ 29 വർഷം കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനെ സിപിഎം വേട്ടയാടുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല.  ഇപി വധകേസിൽ പ്രതിയാണ് എന്ന് പറഞ്ഞു കൊണ്ട് അദ്ദേഹത്തെ ക്രൂശിക്കാൻ നടത്തിയ നീക്കത്തിനേറ്റ തിരിച്ചടിയാണ് കോടതിയിലുണ്ടായത്. ഇതുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളും പരിശോധിച്ച ശേഷമാണ് ഈ കേസുമായി സുധാകരന് ഒരു പങ്കുമില്ലായെന്ന് കോടതി തെളിയിച്ചിരിക്കുന്നതെന്നും അതിനാല്‍ സിപിഎം ഇതിന് മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളോട് മാപ്പ് പറയണം. കെ.സുധാകരനെ അനാവശ്യമായി 29 വർഷക്കാലം ഈ കേസിലെ പ്രതിയാണ് എന്ന് പറഞ്ഞു കൊണ്ട് വേട്ടയാടിയ സിപിഎമ്മിന് എന്ത് ധാർമ്മികതയാണുള്ളതെന്ന് അറിയാൻ താൽപ്പര്യമുണ്ട്. ഈ കേസ് പൂർണ്ണമായും തെറ്റാണെന്ന് അന്നുമുതൽ കോൺഗ്രസും സുധാകരനും പറഞ്ഞ കാര്യമാണ്. പക്ഷെ രാഷ്ട്രീയ പക തീർക്കാൻ വേണ്ടി ഇപി കേസിൽ അദ്ദേഹത്തിനു പങ്കുണ്ട്, അദ്ദേഹം പ്രതിയാണ് എന്ന് പറഞ്ഞു കൊണ്ട് എത്രയോ പ്രചാരവേലകളാണ് സുധാകരനെതിരായി സിപിഎം നടത്തിയത്. അതുകൊണ്ട് സത്യം എന്നായാലും പുറത്തുവരും വസ്തുതകൾ പുറത്തുവരും എന്നതിന്‍റെ തെളിവാണിത്. അതിനാല്‍ സിപിഎം ഇതിന് മാപ്പുപറയണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെടുന്നു.