വയനാട്ടിലെ തണ്ടർബോൾട്ട് – മാവോയിസ്റ്റ് ഏറ്റുമുട്ടല്‍: യുഎപിഎ ചുമത്തി കേസെടുത്ത് പോലീസ്

Jaihind Webdesk
Wednesday, May 1, 2024

വയനാട്: കമ്പമലയില്‍ ഉണ്ടായ തണ്ടർബോൾട്ട് – മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ യുഎപിഎ ചുമത്തി തലപ്പുഴ പോലീസ് കേസെടുത്തു. വോട്ടെടുപ്പ്  ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് കമ്പമല പാടികളിൽ മാവോയിസ്റ്റ് സംഘം എത്തിയതിന് പിന്നാലെ മേഖലയിൽ തിരച്ചിൽ ശക്തമാക്കിയിരുന്നു. പതിവ് പരിശോധനയ്ക്ക് ഇറങ്ങിയ തണ്ടർബോൾട്ട് സംഘത്തിന് നേരെയാണ് ഇന്നലെ രാവിലെ പത്തരയോടെ മാവോയിസ്റ്റ് സംഘം വെടിയുതിർത്തത്. നാലംഗ മാവോയിസ്റ്റ് സംഘത്തിലെ മനോജാണ് ആദ്യം വെടിയുതിർത്തതെന്നാണ്എഫ്ഐആർ.

സി.പി. മൊയ്ദീന്‍റെ നേതൃത്യത്തിലുള്ള സംഘമാണ് കമ്പമലയിൽ എത്തിയത്. കമ്പമല നിവാസികളുടെ ദുരിതങ്ങൾ ഉന്നയിച്ചും നേരത്തെ പലതവണ മാവോയിസ്റ്റുകൾ പ്രദേശത്തെത്തിയിരുന്നു .  ഒരു തവണ വനം വികസന കോർപറേഷൻ ഓഫീസ് ആക്രമിച്ച സംഘം, പലതവണ പ്രദേശത്ത് മാവോയിസ്റ്റ് പോസ്റ്ററുകൾ പതിച്ചു. എന്നാൽ ഹെലികോപ്റ്റർ എത്തിച്ച് തിരച്ചിൽ നടത്തിയിട്ടും മാവോയിസ്റ്റുകളെ കണ്ടെത്താനായിരുന്നില്ല. അതിനിടെയാണ് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിക്കുകയും തണ്ടർബോൾട്ടുമായി ഏറ്റുമുട്ടൽ നടന്നതും. ജില്ലയില്‍ ഏറ്റവും കൂടുതൽ മാവോയിസ്റ്റ് ഏറ്റുമുട്ടലും വെടിവെപ്പും ഉണ്ടായ മേഖലയാണ് കമ്പമല. ഇതോടെ ഈ മേഖലയില്‍ പോലീസ് സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്.