സി.ഒ.ടി നസീറിനു നേരെയുള്ള വധശ്രമം : ചൊക്ലി സ്വദേശി കൊട്യൻ സന്തോഷ് മുഖ്യ സൂത്രധാരൻ എന്ന് പോലീസ്

Jaihind Webdesk
Friday, June 14, 2019

സി.ഒ.ടി നസീറിനു നേരെയുള്ള വധശ്രമത്തിൽ ചൊക്ലി സ്വദേശി കൊട്യൻ സന്തോഷ് മുഖ്യ സൂത്രധാരൻ എന്ന് പോലീസ്. സന്തോഷ് കർണാടകയിൽ ഒളിവിലെന്ന് സൂചന. നസീർ അക്രമിക്കപ്പെട്ട ദിവസം  സി.പി.എം തലശേരി ഏരിയ കമ്മറ്റി ഓഫീസ് മുൻ സെക്രട്ടറി രാജേഷ് 12 തവണ സന്തോഷിനെ ഫോൺ ചെയ്തതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.രാജേഷും എ.എൻ ഷംസീറും ചേർന്നാണ് തന്നെ എം.എൽ.എ ഓഫീസിൽ വെച്ച് ഭീഷണിപ്പെടുത്തിയതായി സി.ഒ.ടി നസീർ മൊഴി നൽകിയിരുന്നു.

സന്തോഷിനെ കണ്ടെത്തിയാൽ സംഭവത്തിന്‍റെ ഗൂഢാലോചനയിലേക്ക് എത്താനാവുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ  പ്രതീക്ഷ. ഇതിനിടെ പ്രതികളിൽ ഒരാളായ  റോഷനെ  പോലീസ് കർണാടക – തമിഴ്നാട് അതിർത്തിയായ ഹോസൂരിലേക്ക് തെളിവെടുപ്പിന് കൊണ്ടുപോയി.