സി.ഒ.ടി.നസീർ വധശ്രമകേസിൽ ഒരു വർഷമായിട്ടും കുറ്റപത്രം നൽകിയില്ല; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി സി ഒ ടി നസീർ

Jaihind News Bureau
Tuesday, May 19, 2020

A.N Shamseer C.O.T Naseer

സി.പി.എം. മുൻ നേതാവായിരുന്ന സി.ഒ.ടി.നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസിൽ ഒരു വർഷമായിട്ടും കുറ്റപത്രം നൽകിയില്ല. അക്രമത്തിൻറെ ഗൂഢാലോചന നടത്തിയത് എ.എൻ.ഷംസീർ എം.എൽ.എ. ഉപയോഗിക്കുന്ന കാറിൽ വെച്ചാണെന്ന് പ്രതികൾ മൊഴി നൽകിയിരുന്നു.തുടർ അന്വേഷണം നടത്താതെ പൊലീസ്.

കഴിഞ്ഞ വർഷം മേയ് 18-ന് രാത്രി ഏഴു മണിയോടെ, സുഹൃത്തിനൊപ്പം ബൈക്കിൽ പോകുമ്പോൾ നഗരമധ്യത്തിലെ കായ്യത്ത് റോഡിൽ വെച്ചായിരുന്നു സി ഒ ടി നസീർ ആക്രമിക്കപ്പെട്ടത്. വയറിന് കുത്തേറ്റ് നസീർ കോഴിക്കോട്ടെ ആസ്പത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. സമീപത്തെ കെട്ടിടത്തിലെ സി.സി.ടി.വി. ദൃശ്യങ്ങളിൽ നിന്ന് അക്രമികളായ മൂന്ന് സി പി എം പ്രവർത്തകരെ നസീർ തിരിച്ചറിഞ്ഞു. എ.എൻ.ഷംസീർ എം.എൽ.എ.യുടെ നിർദേശപ്രകാരമാണ്‌ വധശ്രമം നടത്തിയതെന്ന് നസീർ ആരോപിച്ചതോടെ കേസ് ചൂടേറിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കി. ഇത് സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കി..സി.ഐ. വി.കെ.വിശ്വംഭരനായിരുന്നു തുടക്കത്തിൽ കേസന്വേഷിച്ചത്.

ഗൂഢാലോചന നടത്തിയതിന് സി.പി.എം. പ്രവർത്തകൻ പൊട്ടി സന്തോഷ് പിടിയിലായതോടെ സംഭവത്തിൽ സി പി എമ്മിനുള്ള പങ്ക് മറ നീക്കി പുറത്ത് വന്നു. ഇതിനിടെ സി.പി.എം. ഏരിയാ കമ്മിറ്റി ഓഫീസ് മുൻ സെക്രട്ടറി  എ.കെ.രാജേഷ് അറസ്റ്റിലായി. ഗൂഢാലോചന നടത്തിയത് എ.എൻ.ഷംസീർ എം.എൽ.എ. ഉപയോഗിക്കുന്ന കാറിൽ വെച്ചാണെന്ന് പ്രതികൾ മൊഴി നൽകി. എം.എൽ.എ.യ്ക്കെതിരായി മൊഴി നൽകിയിട്ടും സി.ഐ. രേഖപ്പെടുത്തിയില്ലെന്ന നസീറിന്‍റെ വെളിപ്പെടുത്തലിനെ തുടർന്ന് നസീറിന്‍റെ മൊഴി വീണ്ടും എടുത്തു. പ്രതികളെ അറസ്റ്റ് ചെയ്ത് അന്വേഷണം പുരോഗമിക്കുന്നതിനിടെ കേസന്വേഷിക്കുന്ന സി ഐ വിശ്വംഭരനെ മാറ്റി. സി.ഐ. കെ.സനൽകുമാറിനായിരുന്നു പിന്നീട് അന്വേഷണത്തിന്‍റെ ചുമതല. അന്വേഷണത്തിൻ്റെ ഭാഗമായി എ.എൻ ഷംസീർ കാർ കസ്റ്റഡിയിൽ എടുത്ത് തെളിവെടുപ്പ് നടത്തി.ഷംസീറിൻ്റെ സഹോദരന്‍റെ ഉടമസ്ഥതയിലാണ് ഈ കാർ. ഇതിനു ശേഷം അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടായില്ല.

അന്വേഷണം കുറ്റമറ്റ രീതിയിൽ നടത്തണമെന്നാശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് സി ഒ ടി നസീർ .