സി ഒ ടി നസീർ വധശ്രമം: പ്രതികൾ ഗൂഢാലോചന നടത്തിയത് എ.എൻ ഷംസീർ എംഎൽഎ ഉപയോഗിക്കുന്ന വാഹനത്തിൽ വെച്ച്

Jaihind Webdesk
Tuesday, July 2, 2019

സി ഒ ടി നസീർ വധശ്രമത്തിലെ പ്രതികൾ ഗൂഢാലോചന നടത്തിയത് എ.എൻ ഷംസീർ എംഎൽഎ  ഉപയോഗിക്കുന്ന വാഹനത്തിൽ വെച്ച്. ഷംസീറിന്റെ സഹോദരൻ എ.എൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള ഇന്നോവ കാറാണിത്. മുഖ്യ പ്രതി പൊട്ടി സന്തോഷ് ഇതു സംബന്ധിച്ച മൊഴി നൽകി. വധശ്രമ കേസിൽ ഷംസീർ എംഎൽഎയുടെ മൊഴി എടുക്കും.

എ.എൻ ഷംസീർ എംഎൽഎയുടെ ഉറ്റ സഹായിയും സന്തത സഹചാരിയായ എൻ .കെ.രാഗേഷ് പ്രധാന പ്രതിയായ പൊട്ടി സന്തോഷുമായി നസീറിനെ അക്രമിക്കാനുള്ള ഗൂഢാലോചാന നടത്തിയത് ഷംസീർ ഉപയോഗിക്കുന്ന വാഹനത്തിൽ വെച്ചാണെന്നാണ് പൊട്ടി സന്തോഷ് മൊഴി നൽകിയിരിക്കുന്നത്. KLO7 സി ഡി 6887 എന്ന ഇന്നോവ കാറിലാണ് ഗൂഡാലോചന നടന്നത്. ഷംസീറിന്‍റെ സഹോദരൻ എ.എൻ ഷാഹിറിന്‍റെ ഉടമസ്ഥതയിലാണ് ഈ ഇന്നോവ കാറ്. ഷംസീർ എംഎൽഎ ഉപയോഗിക്കുന്നത് ഈ കാറാണ്. മിക്ക ദിവസങ്ങളിലും ഈ കാർ ഡ്രൈവ് ചെയ്യുന്നത് വധശ്രമ കേസിൽ നേരത്തെ അറസ്റ്റിലായ എൻ.കെ.രാഗേഷാണ്.

സി.പി.എം ബ്രാഞ്ച് സെക്രട്ടറി കൂടിയായ എൻ.കെ.രാഗേഷ് പൊട്ടി സന്തോഷുമായി ഈ വാഹനത്തിനുള്ളിൽ വെച്ച് ഗൂഡാലോചന നടത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. ഒരാഴ്ച മുൻപ് പൊട്ടി സന്തോഷിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ഇത് സംബന്ധിച്ച മൊഴി നൽകിയത്.
സംഭവ ദിവസവും തൊട്ടടുത്ത ദിവസങ്ങളിലും രാഗേഷിനെയും സന്തോഷിനെയും ഷംസീർ നിരവധി തവണ ഫോൺ ചെയ്തതായും പോലീസ് കണ്ടെത്തി. എ.എൻ രാഗേഷിൽ കേസ് അന്വേഷണം അവസാനിപ്പിക്കാനായിരുന്നു പൊലീസ് നീക്കം. ഇതിന് ഇടയിലാണ് എ.എൻ.ഷംസീറിനെതിരെ പൊട്ടി സന്തോഷ് മൊഴി നൽകിയത്.

എന്നാൽ ഗൂഡാലോചന നടത്തിയ കാർ കസ്റ്റഡിയിലെടുക്കാനൊ ഉടമയെ ചോദ്യം ചെയ്യാനൊ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. ഇത് വിവാദത്തിന് കാരണമായിട്ടുണ്ട്. വധശ്രമ കേസിൽ ഷംസീർ എംഎൽഎയുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. കേസിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലായിരുന്നു സി.ഒ.ടി നസീർ. ഇതിന് ഇടയിലാണ് എ.എൻ ഷംസീറിന്‍റെ മൊഴി എടുക്കാൻ അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.