സി.ഒ.ടി.നസീർ വധശ്രമക്കേസ് : മജിസ്ട്രേറ്റിന്‍റെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന ആവശ്യം കോടതിയിൽ

Jaihind News Bureau
Tuesday, September 3, 2019

തനിക്കെതിരായ വധശ്രമക്കേസിൽ മജിസ്ട്രേറ്റിന്‍റെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സി.പി.എം.മുൻ നേതാവ് സി.ഒ.ടി.നസീർ കോടതിയിൽ ഹർജി നൽകി. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹർജി നൽകിയത്. ഇപ്പോൾ നടക്കുന്ന അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ഹർജിയിൽ പറയുന്നു.

എ.എൻ.ഷംസീർ എം.എൽ.എ.യ്ക്ക് ഗൂഢാലോചനയിൽ പങ്കുള്ളതായി മൊഴി നൽകിയിട്ടും എം.എൽ.എ.യുടെ മൊഴിയെടുക്കാൻ പോലും അന്വേഷണ സംഘം തയ്യാറായില്ല. അന്വേഷണത്തിന് നേതൃത്വം നൽകിയ സി.ഐ.വി.കെ.വിശ്വംഭരനെയും അന്വേഷണസംഘത്തിലെ എസ്.ഐ. പി.എസ്.ഹരീഷിനെയും സ്ഥലം മാറ്റി. ഇതിനുശേഷം അന്വേഷണത്തിൽ പുരോഗതിയുണ്ടായില്ല തുടങ്ങിയ കാര്യങ്ങൾ ചൂണ്ടി കാട്ടിയാണ് സി ഒ ടി നസീർ ഹർജി നൽകിയത്. എം.എൽ.എ.യുടെ വ്യക്തിവിരോധമാണ് തനിക്കു നേരെയുള്ള അക്രമത്തിന് കാരണം. ഗൂഢാലോചനയിൽ പങ്കെടുത്തതിന് അറസ്റ്റിലായ പ്രതി എൻ.കെ.രാഗേഷിന് തന്നോട് വ്യക്തിവിരോധമില്ല. ഷംസീറിന്‍റെ അടുത്തയാളാണ് രാഗേഷ് എന്നും ഹർജിയിൽ വ്യക്തമാക്കുന്നു.

നഗരസഭാ സ്റ്റേഡിയം നവീകരണ പ്രവൃത്തിയിൽ അഴിമതിയാരോപിച്ച് നസീറിന്റെ നേതൃത്വത്തിലുള്ള കിവീസ് ക്ലബ്ബ് ലഘുലേഖ വിതരണം ചെയ്തിരുന്നു. മന്ത്രി ഇ.പി.ജയരാജൻ പങ്കെടുത്ത സ്റ്റേഡിയം നവീകരണ ഉദ്ഘാടനച്ചടങ്ങിലായിരുന്നു ലഘുലേഖ വിതരണം ചെയ്തതെന്നും നസീർ ഹർജിയിൽ പറഞ്ഞു. അന്വേഷണസംഘം ആവശ്യപ്പെടുന്ന പക്ഷം മജിസ്ട്രേറ്റിന് മുമ്പാകെ രഹസ്യമൊഴി നൽകാനും താൻ തയ്യാറാണെന്നും നസീർ ഹർജിയിൽ പറയുന്നുണ്ട്. ഈ ലഘുലേഖയുടെ പകർപ്പും ഹർജിയൊടൊപ്പം നൽകി. അഡ്വ.സി.ഒ.ടി.സുവാദ് മുഖേനയാണ് ഹർജി നൽകിയത്. ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. ഹർജി ഈ മാസം നാലിന് വീണ്ടും പരിഗണിക്കും