സി.ഒ.ടി നസീർ വധശ്രമ കേസ് : എ.എൻ ഷംസീറിനെതിരെ നടപടി എടുക്കാത്ത പോലീസിനെതിരെ പ്രതിഷേധം ശക്തമാകുന്നു

Jaihind News Bureau
Thursday, August 1, 2019

സി.ഒ.ടി നസീർ വധശ്രമ കേസിൽ എ.എൻ ഷംസീർ എംഎൽഎയ്ക്കെതിരെ നടപടി എടുക്കാത്ത പോലീസിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കേസിൽ എ.എൻ ഷംസീർ എംഎൽഎ ചോദ്യം ചെയ്യാത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കണ്ണുർ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് തലശ്ശേരിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

ഇക്കഴിഞ്ഞ മെയ് പതിനെട്ടിനാണ് വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായ സി.ഒ.ടി നസീർ അക്രമിക്കപ്പെടുന്നത്. വധശ്രമം നടന്നിട്ട് രണ്ടര മാസം കഴിഞ്ഞിട്ടും പോലിസ് അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ല. ഗൂഢാലോചനയിൽ എ.എൻ ഷംസീർ എംഎൽഎയ്ക്ക് പങ്കുണ്ടെന്ന് നസീർ പലതവണ പോലീസിൽ മൊഴി നൽകിട്ടും ഷംസീറിനെ ചോദ്യം ചെയ്യാൻ പോലീസ് തയ്യാറായിട്ടില്ല. വധശ്രമത്തിന്‍റെ ഗൂഢാലോചന നടന്നത് ഷംസീർ എംഎൽഎ സഞ്ചരിക്കുന്ന ഇന്നോവ കാറിൽ വെച്ചാണെന്ന് അക്രമിച്ച കേസിലെ പ്രതിയായ പൊട്ടിയൻ സന്തോഷ് മൊഴി നൽകിയിരുന്നു.എന്നാൽ ആ വാഹനം കസ്റ്റഡിയിലെടുക്കാനൊ വാഹനം ഉടമയായ ഷംസീറിന്‍റെ സഹോദരൻ ഷാഹിറിന്‍റെ മൊഴി എടുക്കാനോ പോലീസ് തയ്യാറായിട്ടില്ല. അറസ്റ്റിലായ പത്ത് പ്രതികളും സി പി എമ്മിന്‍റെ സജീവ പ്രവർത്തകരാണ്. ഷംസീർ എംഎൽഎ സംരക്ഷിക്കുന്ന പോലീസ് നിലപാടിൽ പ്രതിഷേധിച്ചാണ് ജില്ലാകോൺഗ്രസ്സ് കമ്മിറ്റി മാർച്ച് സംഘടിപ്പിക്കുന്നത്

മാടപ്പീടികയിൽ നിന്നാരംഭിക്കുന്ന മാർച്ച് തലശ്ശേരി പുതിയ ബസ്സ് സ്റ്റാൻഡിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുയോഗം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മറ്റു പ്രമുഖ നേതാക്കളും പരിപാടിയിൽ പങ്കെടുക്കും

https://youtu.be/-mXvdd8jxiM