നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ഫോണ്‍ വിളികള്‍ ചോര്‍ത്തി | Video Story

Jaihind Webdesk
Tuesday, July 9, 2019

നെടുങ്കണ്ടം കസ്റ്റഡി മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ഫോൺ കോളുകൾ ചോർത്തിയതായി ആരോപണം. ഇടുക്കി മുൻ എസ്.പി.യുടെ നിർദ്ദേശപ്രകാരം ഇടുക്കി സൈബർ സെല്ലിലെ ഉദ്യോഗസ്ഥനാണ് ഫോൺ ചോർത്തിയതെന്നാണ് പരാതി. സംഭവത്തെക്കുറിച്ച് ഇന്‍റലിജൻസും ക്രൈംബ്രാഞ്ചും അന്വേഷണം ആരംഭിച്ചു.

രാജ്കുമാറിന്‍റെ ഉരുട്ടിക്കൊലക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥരുടെ ഫോൺ വിളികളാണ് നിരീക്ഷണ വിധേയമാക്കിയത്. അന്വേഷണ സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥർ മുതൽ മിക്ക ഓഫീസർമാരുടെയും ഫോൺ കോളുകൾ ചോർത്തിയതായാണ് വിവരം. ഉദ്യോഗസ്ഥർ ആരെയൊക്കെ വിളിക്കുന്നു, സംഭാഷണത്തിന്‍റെ വിശദാംശങ്ങൾ തുടങ്ങിയവ ചോർത്തിയതായാണ് ആരോപണം. കൂടാതെ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ പോലീസുകാരുടെ ഫോൺ കോളുകളും ചോർത്തിയതായാണ് വിവരം. കസ്റ്റഡി മരണത്തെ തുടർന്ന് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ആരെയൊക്കെ വിളിച്ചു എന്നറിയുന്നതിനാണ് ഫോൺ ചോർത്തിയത്.

കഴിഞ്ഞ മാസം 12 മുതൽ 16 വരെ നെടുങ്കണ്ടം സ്റ്റേഷനിൽ ജോലി ചെയ്ത പോലീസുകാരുടെ ഫോൺ കോളുകളാണ് ഇടുക്കി മുൻ എസ്.പിയുടെ നിർദ്ദേശപ്രകാരം ചോർത്തിയത് എന്നാണ് പരാതിയുയർന്നിട്ടുള്ളത്. കസ്റ്റഡി കൊലപാതകത്തിൽ നിന്ന് തലയൂരാൻ പാർട്ടി പിന്തുണയോടെ മുൻ എസ്.പി കെ.ബി വേണുഗോപാൽ ശ്രമിച്ചെങ്കിലും സ്ഥലംമാറ്റപ്പെട്ട സാഹചര്യത്തിൽ അന്വേഷണം ഏതുരീതിയിൽ മാറും എന്നറിയുന്നതിനാണ് സൈബർ സെല്ലിന്‍റെ സഹായത്തോടെയുള്ള നടപടി എന്നാണ് വിലയിരുത്തൽ. അന്വേഷണ ഉദ്യോഗസ്ഥരുടെ ഫോൺ കോളുകൾ ചോർത്താൻ പോലീസ് തന്നെ ശ്രമിച്ചത് അതീവ ഗൗരവത്തോടെ കാണേണ്ടതാണ്‌. അതുകൊണ്ടാണ് ഇക്കാര്യത്തിൽ ക്രൈംബ്രാഞ്ചും വിജിലൻസും അന്വേഷണം നടത്തുന്നത്.