നെടുങ്കണ്ടം കസ്റ്റഡി മരണം: രാജ് കുമാർ മരിച്ചതു ന്യൂമോണിയ മൂലമല്ല, മർദനമേറ്റെന്ന് റിപ്പോർട്ട്

Jaihind News Bureau
Thursday, August 8, 2019

നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയിൽ രാജ് കുമാർ മരിച്ചതു ന്യൂമോണിയ മൂലമല്ലെന്നും മർദനമേറ്റാണെന്നും റിപ്പോർട്ട്. കുമാറിന്‍റെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്തപ്പോഴുള്ള പുതിയ കണ്ടെത്തലുകളിലാണു കസ്റ്റഡിക്കൊലയെന്ന് ഉറപ്പിക്കാവുന്ന തെളിവുകളുള്ളത്.

നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസിൽ രാജ് കുമാറിന്‍റെ രണ്ടാം പോസ്റ്റ്മോർട്ടത്തിൽ നിർണായക തെളിവുകളാണ് ലഭിച്ചത്.  മൂന്നാംമുറ പീഡനത്തിൽ വൃക്കയിൽ ഉൾപ്പെടെ പരുക്കേറ്റിട്ടുണ്ട്. കാലുകൾ വലിച്ചകത്തി തുടയിടുക്കിലെ പേശികളിൽ രക്തം പൊടിഞ്ഞെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കസ്റ്റഡി ക്കൊലയെന്ന് ഉറപ്പിക്കാവുന്ന 22 പുതിയ പരുക്കുകളാണു കണ്ടെത്തിയത്. കേസിൽ ഹൈക്കോടതി മജിസ്ട്രേറ്റിന്‍റെ അടിയന്തര റിപ്പോർട്ട് തേടി. രാജ് കുമാറിനെ ഹാജരാക്കിയപ്പോൾ പോലീസ് മർദനത്തെപ്പറ്റി പരാതിപ്പെട്ടിരുന്നോയെന്ന് റിപ്പോർട്ട് നൽകാനും കോടതി നിർദേശിച്ചു.

പരുക്കിനെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതില്‍ ജയില്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചു. റിമാന്‍ഡിനുമുമ്പ് രാജ്കുമാറിന്‍റെ വൈദ്യപരിശോധന കൃത്യമായിരുന്നില്ല. എത്ര സാക്ഷികള്‍ വന്നാലും സാഹചര്യതെളിവുകള്‍ മാറ്റാനാകില്ലെന്നും കോടതി പറഞ്ഞു. എസ്ഐ സാബുവിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണു കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്. കുമാറിന്‍റെ മൃതദേഹം, കോട്ടയം മെഡിക്കൽ കോളേജിലെ ഫൊറൻസിക് വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസറും പിജി വിദ്യാർഥിയും ചേർന്നാണ് ആദ്യം പോസ്റ്റ്മോർട്ടം ചെയ്തത്.

മൃതദേഹത്തിലെ മുറിവുകളുടെ പഴക്കം രേഖപ്പെടുത്താത്തതും ആന്തരികാവയവങ്ങൾ പരിശോധനയ്ക്കായി അയയ്ക്കാത്തതും വിമർശനത്തിനിടയാക്കി. തുടർന്നാണു വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യാൻ ജുഡീഷ്യൽ കമ്മിഷൻ ഉത്തരവിട്ടത്.

teevandi enkile ennodu para