നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: ക്രൈംബ്രാഞ്ച് സംഘം ഹരിത ഫിനാന്‍സ് ഓഫീസില്‍ പരിശോധന നടത്തി

Jaihind Webdesk
Sunday, July 14, 2019

Nedumkandam-custodymurdercase

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട് ഹരിത ഫിനാൻസ് സ്ഥാപനത്തിൽ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി. സ്ഥാപനത്തിലെ കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക്, രജിസ്റ്റർ തുടങ്ങിയവ അന്വേഷണ സംഘം പരിശോധിച്ചു,

ഹരിത ഫിനാൻസ് സ്ഥാപനത്തിലെ വായ്പാ അപേക്ഷകരായ പരാതിക്കാർ, ജീവനക്കാർ എന്നിവരുടെ വിശദമായ മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപെടുത്തി. രാജ്കുമാർ സമാഹരിച്ച കോടികൾ എവിടെ പോയെന്നാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്. തൂക്കുപാലത്തെ ഓഫീസ് ഉദ്ഘാടന സമയത്തെ ചിത്രങ്ങളും വീഡിയോകളും സാമ്പത്തിക ഇടപാട് സമയത്തെ രേഖകളും സംഘം പരിശോധിച്ചു.

മേയ് രണ്ടിനാണ് ഓഫീസ് തുറന്നത്. മാർച്ച് മുതൽ വ്യക്തിഗത വായ്പകൾ വാഗ്ദാനം ചെയ്ത് ആയിരം രൂപ മുതൽ ഇരുപത്തി അയ്യായിരം രൂപ വരെ വാങ്ങി. വായ്പ നൽകാതെ വന്നതോടെ അപേക്ഷകർ ബഹളം വെച്ചു. വ്യക്തിഗതമായി പണം നിക്ഷേപിച്ചവരുടെ പരാതികളും പരിഗണിച്ചു. കസ്റ്റഡി കൊലപാതകക്കേസിൽ അന്വേഷണ സംഘം കഴിഞ്ഞ മാസം 12 മുതൽ 16 വരെ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ ജോലി ചെയ്ത ഉദ്യോഗസ്ഥർ നൽകിയ മൊഴിയും പരിശോധിക്കും. വൈരുധ്യമുള്ള മൊഴികൾ നൽകിയ ഉദ്യോഗസ്ഥരിൽ നിന്നും വീണ്ടും മൊഴിയെടുക്കും. ഇതിന് ശേഷം കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും.

കുമാറിനെ പതിമൂന്നിന്‌ ജാമ്യത്തിൽ വിട്ടയച്ചെന്ന് നെടുങ്കണ്ടം പോലീസ് വ്യാജരേഖയുണ്ടാക്കിയെന്ന കണ്ടെത്തലിൽ ജാമ്യം നൽകിയ രേഖകളുടെ പരിശോധന ക്രൈംബ്രാഞ്ച് സംഘം പൂർത്തിയാക്കി. കുമാറിന്‍റെ ആരോഗ്യനില മോശമായതോടെയാണ് വ്യാജരേഖയുണ്ടാക്കിയതെന്നാണ് കണ്ടെത്തൽ. ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശത്തെ തുടർന്നാണ് ഇതെന്നും ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിട്ടുണ്ട്.