നെടുംങ്കണ്ടം ഉരുട്ടിക്കൊല : രാജ് കുമാറിന്‍റെ കുടുംബാംഗങ്ങൾ സെക്രട്ടറിയേറ്റ് പടിക്കൽ സമരം ആരംഭിക്കും; കെ.ബി വേണുഗോപാലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

Jaihind News Bureau
Tuesday, July 16, 2019

Rajkumar-Mother

രാജ് കുമാറിന്‍റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിടുക, ഇടുക്കി പൊലീസ് മേധാവിയായിരുന്ന കെ.ബി വേണുഗോപാലിനെ കേസിൽ പ്രതി ചേർക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കുടുംബാഗങ്ങൾ സെക്രട്ടറിയേറ്റ് പടിക്കൽ സമരം ആരംഭിക്കും. ഇത് സംബന്ധിച്ച് ഇന്ന് തിരുവനന്തപുരത്ത് ജനകീയ സമിതി രൂപീകരിക്കും. കുമാറിന്‍റെ മാതാവ് കസ്തൂരി, ഭാര്യ വിജയ, മക്കൾ, തുടങ്ങിയവരാണ് സമരത്തിൽ പങ്കെടുക്കുക. ബുധനാഴ്ച മുതൽ സമരം തുടങ്ങാനാണ് തീരുമാനം.

അതേസമയം, നെടുംങ്കണ്ടം കസ്റ്റഡി കൊലപാതകക്കേസിൽ ജില്ലാ പോലീസ് മേധാവിക്ക് വീഴ്ച പറ്റിയെന്ന നിഗമനത്തിന്‍റെയും മൊഴികളുടെയും അടിസ്ഥാനത്തിൽ കെ.ബി വേണുഗോപാലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. അറസ്റ്റിലായ 4 പോലീസുദ്യോഗസ്ഥരുടെ ശക്തമായ മൊഴിയിലാണ് ചോദ്യം ചെയ്യൽ തീരുമാനം.

സീനിയർ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യേണ്ടി വരുന്നതിനാൽ മേലുദ്യോഗസ്ഥന്‍റെ അനുമതി തേടുന്ന കീഴ്വഴക്കം പരിഗണിച്ച് റേഞ്ച് ഐ ജി യെ അറിയിച്ചാണ് അന്വേഷണസംഘം നടപടികളിലേക്ക് കടന്നത്. ഇതിനായി ചോദ്യങ്ങൾ തയ്യാറാക്കുന്നതടക്കമുള്ള നടപടികൾ തുടങ്ങി. കൊല്ലപ്പെട്ട രാജ് കുമാർ കസ്റ്റഡിയിൽ ഉണ്ടെന്ന വിവരം അറിഞ്ഞിരുന്നൊ ഇല്ലയൊ എന്ന മൊഴി ലഭിക്കുകയാണ് പ്രധാനം. രേഖാമൂലം അറിയിച്ചില്ലെന്ന എസ് പി യുടെ നിലപാടിന് പുറമെ മനസ്സറിവുണ്ടായിരുന്നെന്ന നിഗമനം ഉറപ്പിക്കാൻ സാധിക്കുന്ന ചോദ്യങ്ങളും ഉണ്ടാകും. രേഖാമൂലം അറിയിച്ചില്ലെന്ന എസ്.പിയുടെ നിലപാട് തന്ത്രപൂർവമായ രക്ഷ പെടലായും കണക്കാക്കുന്നു. ഡിവൈഎസ്പിമാർ അറിയിച്ചില്ലെന്ന എസ്പി യുടെ റിപ്പോർട്ട് മുന്നിൽ വച്ച് കീഴുദ്യോഗസ്ഥരെ പ്രേരിപ്പിച്ചത് എന്തായിരിക്കുമെന്നതടക്കം എസ്പിക്ക് വിവരിക്കേണ്ടി വരും.

എല്ലാം എസ്.പിക്കറിയാമായിരുന്നു എന്ന എസ് ഐ സാബുവിന്‍റെ മൊഴിയും നിർണായകമാകും. അതേസമയം, എസ് പി യുടെ റിപ്പോർട്ടിൽ പ്രതിക്കൂട്ടിൽ നിർത്തുന്ന കട്ടപ്പന ഡിവൈഎസ്പി രാജ് കുമാറിന്‍റെ അനധികൃത കസ്റ്റഡി ദിവസങ്ങളിൽ ഒരു ദിവസം മാത്രമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. വിവരം എസ്പി യെ അറിയിച്ചിരുന്നെന്നാണ് സ്‌പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയും വൃക്തമാക്കുന്നത്. രേഖാമൂലം അറിയിച്ചില്ലെന്ന എസ്പി യുടെ നിലപാട് ഉത്തരവാദിത്വത്തിന്റെ വീഴ്ച സ്വയം സമ്മതിക്കുകയാണെന്ന നിലപാടിലാണ് അന്വേഷണ സംഘത്തിനുള്ളത്. അതേ സമയം കൂട് തൽ ചോദ്യം ചെയ്യലിനായി എഎസ്‌ഐ റെജിമോനേയും പിസിഒ നിയാസിനെയും കൂടുതൽ ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ഇന്ന് വൈകിട്ട് 6 വരെ കസ്റ്റഡിയിൽ വാങ്ങി, ഇവരുടെ ചോദ്യം ചെയ്യലും എസ്പി യുടെ നിലപാട് വ്യക്തമാകും.