നെടുങ്കണ്ടം കസ്റ്റഡിമരണത്തില്‍ വഴിത്തിരിവ്; റീപോസ്റ്റ്മോർട്ടത്തില്‍ കൂടുതല്‍ പരിക്കുകള്‍ കണ്ടെത്തി; ക്രൂരമര്‍ദനത്തിന് തെളിവ്

Jaihind Webdesk
Monday, July 29, 2019

നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജ്കുമാറിന്‍റെ റീ പോസ്റ്റ്മോര്‍ട്ടം പൂർത്തിയായപ്പോള്‍ കേസ് പുതിയ വഴിത്തിരിവിലേക്ക്. മൃതദേഹത്തില്‍ കൂടുതല്‍ പരിക്കുകള്‍ ഉള്ളതായി റീപോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. നെഞ്ചിലും തുടയിലും വയറിലുമാണ് പരിക്കുകള്‍. കാലുകള്‍ ബലമായി അകറ്റുമ്പോള്‍ സംഭവിക്കുന്ന തരത്തിലുള്ള പരിക്കുകള്‍ മൃതദേഹത്തിലുണ്ട്. മര്‍ദനമാകാം മരണത്തിലേക്ക് നയിച്ചതെന്നുള്ള വ്യക്തമായ സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.  ന്യൂമോണിയ കാരണമാണ് രാജ്‍കുമാർ മരിച്ചതെന്നായിരുന്നു നേരത്തേ കണ്ടെത്തിയിരുന്നത്.

രാജ്‍കുമാറിന്‍റെ ശരീരത്തില്‍ ആന്തരിക മുറിവുകളുണ്ടായിരുന്നെന്നും അണുബാധയ്ക്ക് പിന്നാലെ ന്യുമോണിയ കൂടി ബാധിച്ചതാണ് മരണകാരണമെന്നുമായിരുന്നു നേരത്തേയുള്ള കണ്ടെത്തൽ. എന്നാല്‍ റീപോസ്റ്റ്മോര്‍ട്ടത്തില്‍ കൂടുതല്‍ പരിക്കുകള്‍ ശരീരത്തില്‍ ഏറ്റിറ്റുണ്ട് എന്ന് വ്യക്തമായിട്ടുണ്ട്. കാലുകള്‍ ബലമായി അകറ്റുമ്പോള്‍ സംഭവിക്കുന്ന തരത്തിലുള്ള പരിക്കുകള്‍ മൃതദേഹത്തിലുണ്ട്. നെഞ്ചിലും വയറിലും തുടയിലുമാണ് റീപോസ്റ്റ്മോര്‍ട്ടത്തില്‍ പരിക്കുകള്‍ കണ്ടെത്തിയത്. അതേസമയം കസ്റ്റഡി മരണത്തിലേക്ക് നയിക്കുന്ന സൂചനകളുണ്ടെന്ന് ജസ്റ്റിസ് കെ നാരായണക്കുറുപ്പ് പ്രതികരിച്ചു.

നാലുമണിയോടെയാണ് രാജ്കുമാറിന്‍റെ റീപോസ്റ്റ്മോർട്ടം നടപടികൾ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ആരംഭിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ഗുരുതര പിഴവ് ഉണ്ടായി എന്ന ആരോപണം ശരിവെക്കുന്നതാണ് റീ പോസ്റ്റ്‌മോർട്ടത്തില്‍ വ്യക്തമാകുന്നത്. ആദ്യത്തെ പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്താത്ത പരിക്കുകൾ കണ്ടെത്തിയെന്ന് ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ  ജസ്റ്റിസ് നാരായണ കുറുപ്പ് വ്യക്തമാക്കി. രാജ് കുമാറിന്‍റെ കാലുകൾ ബലമായി അകത്തിയതിന്‍റെ പരിക്കുകൾ കണ്ടെത്തി. നെഞ്ചിന്‍റെയും തുടയുടെയും വയറിന്‍റെയും പിന്നിൽ പരിക്കുകൾ ഉണ്ട്. ഈ പരിക്കുകൾ മരണകാരണമായേക്കാമെന്നും നാരായണ കുറുപ്പ് പറഞ്ഞു.

രാജ്കുമാറിന്‍റെ ആന്തരിക അവയവങ്ങൾ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. ഇതിന്‍റെ ഫലം വന്നതിനുശേഷമേ ന്യുമോണിയ ബാധ എത്രത്തോളമുണ്ടായിരുന്നു എന്നത് സ്ഥിരീകരിക്കാനാവൂ. ആന്തരിക അവയവങ്ങള്‍ പരിശോധനയ്ക്കായി എടുത്തു. രണ്ടാം പോസ്റ്റ്മോര്‍ട്ടത്തിന്‍റെ വിശദമായ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കുള്ളില്‍ ലഭിക്കും. മൂന്ന് മണിക്കൂർ നീണ്ട പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തി ആക്കി   മൃതദേഹം വാഗമണ്ണിലേക്ക് സംസ്കരിക്കാൻ കൊണ്ടു പോയി.