
പെരുന്നാൾ തലേന്ന് പത്തിരി ലഭിക്കാത്തതിന്റെ പേരിൽ കായംകുളത്ത് പത്തിരിക്കടയിൽ ഉന്തും തള്ളും. പാചകവാതക ക്ഷാമം വില്ലനായപ്പോൾ പ്രീ-ഓർഡർ ചെയ്തവർക്കും പത്തിരി നൽകാനായില്ല. തർക്കത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
പാചകവാതക ക്ഷാമം കാരണം മുൻകൂട്ടി ഓർഡർ നൽകിയവർക്ക് പോലും പത്തിരി നൽകാൻ കഴിയാതെ വന്നതാണ് വലിയ തർക്കങ്ങൾക്ക് കാരണമായത്. ഇന്ന് രാവിലെ റോയൽ പത്തിരീസ് എന്ന കടയിലായിരുന്നു സംഭവം. പെരുന്നാളിന് പത്തിരി മുൻകൂട്ടി ഓർഡർ ചെയ്യാം എന്ന ബോർഡുൾപ്പെടെ കടയ്‌ക്ക് മുന്നിലുണ്ട്. ഇത് കണ്ട് നേരത്തേ തന്നെ നൂറുകണക്കിനുപേർ പത്തിരി പ്രീ ഓർഡർ ചെയ്‌തു. പാചകവാതക സിലിണ്ടർ പ്രശ്‌നത്തിന് ഉടൻ പരിഹാരമാകുമെന്ന് കരുതിയാണ് കടയുടമ പണം അഡ്വാൻസ് വാങ്ങി ഓർഡറുകളെടുത്തത്.
എന്നാൽ, എൽപിജി സിലിണ്ടർ കിട്ടാതായതോടെ പത്തിരി ഓർഡർ ചെയ്‌തവർക്ക് പോലും നൽകാൻ തികഞ്ഞില്ല. തിരക്ക് രൂക്ഷമായതോടെ കടയിൽ ടോക്കൺ സംവിധാനം ഏർപ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല. ആളുകളെ സ്ഥലത്ത് നിന്നും മാറ്റാനായി കായംകുളം പൊലീസ് ഉൾപ്പെടെ സ്ഥലത്തെത്തി.