ദുബായിൽ ജോലി തേടി പോയി അകപ്പെട്ട മലയാളി വിദ്യാർത്ഥിനിയ്ക്ക് കരുതലായി ഉമ്മൻചാണ്ടി

Jaihind News Bureau
Monday, May 18, 2020

ദുബായിൽ ജോലി തേടി പോയ അഖില തോമസ് എന്ന വിദ്യാർത്ഥിയ്ക്ക് കൊവിഡ് കാലമായതോടെ ദുബായിൽ ഏറെ ദുരിതമാണ് അനുഭവിക്കേണ്ടി വന്നത്. ഒരു മാസക്കാലമായി ആഹാരമോ കുടിവെള്ളമോ ലഭിക്കാതെ, നാട്ടിൽ എങ്ങനെ തിരിച്ചെത്തണം എന്നറിയാതെ പകച്ചു നിന്ന അഖിലയ്ക്ക് മുന്നിലാണ് യൂത്ത് കോൺഗ്രസ് നേതാവ് ജെ.എസ്. അഖിൽ വഴി ഉമ്മൻ ചാണ്ടിയുടെ കരുതൽ എത്തിയത്.

നാട്ടിൽ എങ്ങനെ തിരിച്ചെത്തുമെന്ന് അറിയാതെ പകച്ചുനിന്ന അഖില പഴയ ക്യാമ്പസ് രാഷ്ട്രീയത്തിൽ സജീവമായിരുന്ന തന്‍റെ ഒരു സുഹൃത്തിനെ ബന്ധപ്പെടുകയും അതുവഴി മുൻ കെ.എസ്.യു നേതാവ് കൂടിയായ ജെ.എസ്. അഖിലിനെ ബന്ധപ്പെടുകയുമായിരുന്നു. ഇതുവഴി മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ബന്ധപ്പെടുകയും അദ്ദേഹത്തിന്‍റെ ഇടപെടലില്‍ നാട്ടിലേയ്ക്കുള്ള മടക്കയാത്രയ്ക്ക് ടിക്കറ്റ് ലഭിക്കുകയുമായിരുന്നു.

ഇന്നലെ നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ അഖിലയ്ക്ക് ഇപ്പോഴും ഇങ്ങനെ ഒരു തിരിച്ചുവരവ് വിശ്വസിക്കാൻ കഴിയുന്നില്ല. താമസിച്ചിരുന്ന പ്രദേശം രോഗവ്യാപനം സംഭവിച്ചു തുടങ്ങിയിരുന്നു എന്നത് ഏറെ ഭയപ്പെടുത്തിയിരുന്നു. ഇങ്ങനെയൊരു സന്ദർഭത്തിൽ ലഭിച്ച സഹായം ഒരിക്കലും മറക്കാൻ കഴിയില്ലെന്നും ഇരുവർക്കും നന്ദി രേഖപ്പെടുത്തി അഖില പറഞ്ഞു.

ക്യാമ്പസ് രാഷ്ട്രീയത്തെ തള്ളിപ്പറയുന്നവർക്കു മുന്നിൽ ക്യാമ്പസ് രാഷ്ട്രീയം വഴി തുടങ്ങിവച്ച സൗഹൃദങ്ങൾ യുവജന വിദ്യാർഥി സംഘടനാ നേതാക്കളുമായുള്ള ബന്ധങ്ങളാണ് പലപ്പോഴും യുവജനതയ്ക്ക് ഇത്തരത്തിൽ ഉപകരിക്കുന്നത്.