നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ഇല്ല; ദിലീപിന്‍റെ ഹർജി ഹൈക്കോടതി തള്ളി

webdesk
Wednesday, December 19, 2018

Dileep-High-Court

നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിയായ നടൻ ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് വിലയിരുത്തിയ കോടതി ദിലീപ് ഉന്നയിച്ച ആരോപണങ്ങൾ വിചാരണ സമയത്ത് തെളിയിക്കണമെന്നും ആവശ്യപ്പെട്ടു.

ഏത് ഏജന്‍സി അന്വേഷിക്കണമെന്ന് പ്രതിക്ക് ആവശ്യപ്പെടാനാകില്ലെന്ന് പറഞ്ഞ കോടതി ദിലീപ് ആരോപിക്കുന്ന പലതും വിചാരണവേളയിൽ തെളിയിക്കേണ്ടതാണന്നും വ്യക്തമാക്കി. പൊലീസ് അന്വേഷണം പക്ഷപാതപരമെന്ന ദിലീപിന്‍റെ വാദവും, ലിബർട്ടി ബഷീറും ശ്രീകുമാർ മോനോനും കുടുക്കാൻ ശ്രമിച്ചെന്ന വാദവും കോടതി അംഗീകരിച്ചില്ല. അന്വേഷണം ശരിയായ ദിശയിലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

അതേസമയം വിചാരണ വൈകിപ്പിക്കലാണ് ദിലീപിന്‍റെ ശ്രമമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങളുടെ പകർപ്പുള്ള മെമ്മറി കാർഡിന്‍റെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയില്‍ നൽകിയ ഹർജി പരിഗണിക്കുന്നത് അടുത്ത മാസം 23നു മാറ്റിയിരിക്കുകയാണ്.