നടിയെ അക്രമിച്ച കേസ് : ഇടവേള ബാബു കൂറ് മാറി

Jaihind News Bureau
Thursday, March 5, 2020

നടിയെ അക്രമിച്ച കേസിൽ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു കൂറ് മാറി. കേസിലെ സാക്ഷികളിൽ ആദ്യമായാണ് ഒരാൾ കുറ് മാറുന്നത്.

നേരത്തെ അന്വേഷണ സംഘത്തിന് മുന്നിൽ ഇരയായ നടി തന്നോട് ദിലീപ് കാരണം അവസരം നഷ്ടപ്പെടുന്നതായി പറഞ്ഞിരുന്നെന്ന് ഇടവേള ബാബു മൊഴി നൽകിയിരുന്നു. എന്നാൽ ദിലീപ് കാരണം സിനിമയിൽ അവസരങ്ങൾ നഷ്ടമായതായി ഇരയായ നടി പറഞ്ഞതായി ഓർമ്മയില്ലെന്ന് ഇടവേള ബാബു കോടതിയിൽ ഇന്ന് മൊഴി നൽകി.

മൊഴി മാറ്റി പറഞ്ഞതോടെ സാക്ഷി കൂറ് മാറിയതായി പ്രോസിക്യൂഷൻ പ്രഖ്യാപിച്ചു. ദിലീപ് കാരണം അവസരങ്ങൾ നഷ്ടപ്പെടുന്നതായി നടി പരാതി പറഞ്ഞ കാര്യം അമ്മ യോഗത്തിൽ പറഞ്ഞപ്പോൾ ആവശ്യമില്ലാത്ത കാര്യത്തിൽ എന്തിനാണ് കൈകടത്തുന്നത് എന്ന് ദിലീപ് ചോദിച്ചിരുന്നു എന്നാണ് അന്വേഷണ സംഘത്തിനോട് ഇടവേള ബാബു പറഞ്ഞിരുന്നത്. സിനിമ രംഗത്ത് നിന്നും നിരവധി വ്യക്തികളെ വിസ്തരിക്കുന്ന കേസിൽ ആദ്യമായാണ് ഒരാൾ കൂറുമാറിയിരിക്കുന്നത്.

ദിലീപ് കേസിൽ താര സംഘടനയുടെ ജനറൽ സെക്രട്ടറി തന്നെ കൂറ് മാറിയ സംഭവത്തിൽ വനിത സംഘടനയായ ഡബ്ലിയു.സി.സി അടക്കം എന്ത് നിലപാട് സ്വീകരിക്കും എന്നതും നിർണ്ണായകമാണ്. കേസിൽ നിർണ്ണയകമാകും എന്ന് കരുതിയ സാക്ഷികളിൽ ഒരാളാണ് ഇപ്പോൾ കൂറ് മാറിയത് എന്നതും ശ്രദ്ധേയമാണ്. അതേ സമയം സാക്ഷി വിസ്താരത്തിൽ നിന്നും കാവ്യ മാധവൻ്റെ മാതാവ് ശ്യാമളയെ പ്രോസിക്യൂഷൻ ഒഴിവാക്കി.