വനിതാ ഏഷ്യാ കപ്പ്: പാകിസ്താനെ 55 റണ്‍സിന് എറിഞ്ഞൊതുക്കി; ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ ഉജ്ജ്വല വിജയം
ദുബായ്: വനിതാ ഏഷ്യാ കപ്പിലെ വാശിയേറിയ ഗ്രൂപ്പ് പോരാട്ടത്തില്‍ ചിരവൈരികളായ പാകിസ്താനെ ഏഴ് വിക്കറ്റിന് തകര്‍ത്തെറിഞ്ഞ് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ വെറും 55 റണ്‍സിന് ഓള്‍ഔട്ടാക്കിയ ഇന്ത്യ, 8.4 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അനായാസം ലക്ഷ്യത്തിലെത്തി. നേരത്തെ തന്നെ ഇന്ത്യ സെമി ഫൈനല്‍ ഉറപ്പിച്ചിരുന്നു.
56 റണ്‍സെന്ന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്ക് തുടക്കത്തില്‍ ചെറിയ തിരിച്ചടി നേരിട്ടു. ഫാത്തിമ സന എറിഞ്ഞ രണ്ടാം ഓവറില്‍ ഷഫാലി വര്‍മ (12), പ്രതിക റാവല്‍ (4) എന്നിവര്‍ പുറത്തായതോടെ ഇന്ത്യ 18 ന് രണ്ട് എന്ന നിലയിലായി. തുടര്‍ന്നെത്തിയ സ്മൃതി മന്ദാനയെയും (9) ഫാത്തിമ സന തന്നെ പുറത്താക്കിയെങ്കിലും, ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും (18*) ദീപ്തി ശര്‍മയും (12*) ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യയെ വിജയതീരത്തെത്തിച്ചു. പാകിസ്താനായി ഫാത്തിമ സന മൂന്ന് വിക്കറ്റും വീഴ്ത്തി.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താന്റെ തീരുമാനം പൂര്‍ണ്ണമായും പിഴയ്ക്കുന്ന കാഴ്ചയ്ക്കാണ് മൈതാനം സാക്ഷ്യം വഹിച്ചത്. ആദ്യ നാലോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 23 റണ്‍സെന്ന ഭേദപ്പെട്ട നിലയിലായിരുന്ന പാകിസ്താനെ, അഞ്ചാം ഓവര്‍ മുതല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വരിഞ്ഞുകെട്ടി. 27 റണ്‍സില്‍ നില്‍ക്കെ മുനീബ അലിയെ (13) പുറത്താക്കി ഷഫാലി വര്‍മയാണ് തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്.
തുടര്‍ന്ന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ഇന്ത്യന്‍ ബൗളര്‍മാര്‍ പാക് നിരയെ 35-6 എന്ന നിലയിലേക്ക് തള്ളിയിട്ടു. ഷവാല്‍ സുല്‍ഫിക്കര്‍ (14), ഗുള്‍ ഫെറോസ (0), അയിഷ സഫര്‍ (2), സദഫ് ഷമാസ് (3), ക്യാപ്റ്റന്‍ ഫാത്തിമ സന (0), എയ്മാന്‍ ഫാത്തിമ (5) എന്നിവര്‍ക്കൊന്നും തിളങ്ങാനായില്ല. അവസാന വിക്കറ്റുകളും വേഗത്തില്‍ വീഴ്ത്തിയതോടെ 18.1 ഓവറില്‍ പാകിസ്താന്‍ 55 റണ്‍സിന് ഓള്‍ഔട്ടായി. ഇന്ത്യന്‍ ബൗളിങ് നിരയില്‍ പ്രേമ റാവത്തും ശ്രീ ചരണിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി മിന്നുന്ന പ്രകടനം പുറത്തെടുത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.