കൊല്ലം : വിസ്മയ കേസിൽ കുറ്റപത്രം ഇന്ന് കോടതിയിൽ സമർപ്പിക്കും. പ്രതി കിരൺകുമാറിന് പരമാവധി ശിക്ഷ ലഭിക്കുന്നതിന് ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയാണ് ഹാജരാക്കുക. ശാസ്താംകോട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥനായ ശാസ്താംകോട്ട ഡിവൈഎസ്പി പി. രാജ്കുമാറാണ് കുറ്റപത്രം സമർപ്പിക്കുക. പ്രതി കിരൺകുമാറിനെതിരെ സ്ത്രീധനപീഡനം, ഗാർഹീകപീഡനം എന്നീ കുറ്റങ്ങളാണുള്ളത്.
കിരൺകുമാറിന്റെ ശാസ്താംകോട്ട പോരുവഴിയിലെ വീട്ടിൽ കഴിഞ്ഞ ജൂണ് 21 പുലർച്ചെയായിരുന്നു വിസ്മയയുടെ മരണം. പ്രതി കിരൺകുമാറിന് ജാമ്യം ലഭിക്കുന്നത് ഒഴിവാക്കാനാണ് വിസ്മയയുടെ മരണം നടന്ന് തൊണ്ണൂറ് ദിവസത്തിന് മുൻപ് കുറ്റപത്രം സമർപ്പിക്കുന്നത്.
പ്രതിയെ ജുഡിഷ്യൽ കസ്റ്റഡിയിൽത്തന്നെ വിചാരണയ്ക്ക് വിധേയനാക്കണമെന്ന അപേക്ഷയും കുറ്റപത്രത്തോടൊപ്പം കോടതിയിൽ സമർപ്പിക്കും. മൂന്നു തവണ കിരണിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആയിരുന്ന കിരൺകുമാറിനെ ഗതാഗതവകുപ്പ് പിരിച്ചുവിട്ടിരുന്നു.