Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ഞെരുക്കുന്നു, അര്‍ഹമായ ഫണ്ട് നേടിയെടുക്കാന്‍ എം.പിമാര്‍ ഒറ്റക്കെട്ടായി ഇടപെടണം'; മുഖ്യമന്ത്രി വി.ഡി സതീശൻ

കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങൾ സംസ്ഥാനത്തെ സാമ്പത്തിക ഞെരുക്കത്തിലാക്കുന്നുവെന്നും അർഹമായ കേന്ദ്രഫണ്ട് നേടിയെടുക്കാൻ എം.പിമാർ ഒറ്റക്കെട്ടായി ഇടപെടണമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

'കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ഞെരുക്കുന്നു, അര്‍ഹമായ ഫണ്ട് നേടിയെടുക്കാന്‍ എം.പിമാര്‍ ഒറ്റക്കെട്ടായി ഇടപെടണം'; മുഖ്യമന്ത്രി വി.ഡി സതീശൻ
തിരുവനന്തപുരം: കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ സാമ്പത്തിക ഞെരുക്കത്തിലാക്കുന്നുവെന്നും അര്‍ഹമായ കേന്ദ്രഫണ്ട് നേടിയെടുക്കാന്‍ എം.പിമാര്‍ ഒറ്റക്കെട്ടായി ഇടപെടണമെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനു മുന്നോടിയായി മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന എം.പിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ കാലയളവില്‍ 55,000 കോടി രൂപയുടെ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് സംസ്ഥാനത്തിന് ലഭിച്ചിരുന്നുവെങ്കിലും ഇത്തവണ അത് പൂര്‍ണ്ണമായും ഒഴിവാക്കിയത് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ജി.എസ്.ഡി.പി.യുടെ 3.5 ശതമാനമായിരുന്നു. ഇതില്‍ ഊര്‍ജ്ജ മേഖലയിലെ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട 0.5 ശതമാനം കടമെടുപ്പ് അനുവദിക്കാത്തത് തിരിച്ചടിയാണ്. കേന്ദ്ര സര്‍ക്കാര്‍ ജി.ഡി.പി. കണക്കാക്കാന്‍ നടപ്പിലാക്കിയ പുതിയ മാനദണ്ഡങ്ങള്‍ മൂലം സംസ്ഥാനത്തിന്റെ ജി.എസ്.ഡി.പി.യില്‍ 20 ശതമാനത്തോളം കുറവാണുണ്ടാകുന്നത്. ഇത് ജി.എസ്.ഡി.പിയെ അടിസ്ഥാനമാക്കി നിശ്ചയിക്കുന്ന വായ്പാപരിധിയിലും കുറവുണ്ടാകാന്‍ കാരണമാകും. ഇതു സംബന്ധിച്ച ആശങ്കകളും മറ്റ് വിഷയങ്ങളും പ്രധാനമന്ത്രിക്ക് നല്‍കിയ മെമ്മോറാണ്ടത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേന്ദ്ര പദ്ധതി ഫണ്ടുകള്‍ വിനിയോഗിക്കുന്നതില്‍ വകുപ്പുതലത്തില്‍ വീഴ്ച ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എല്ലാ കേന്ദ്രപദ്ധതികളെക്കുറിച്ചും എല്ലാ വകുപ്പുകളും പഠിച്ച് വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഡി.പി.ആര്‍. തയ്യാറാക്കി സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പദ്ധതികള്‍ നേടിയെടുക്കാന്‍ സംസ്ഥാനത്തു നിന്നുള്ള എം.പിമാര്‍ ഒരു ടീമായി നിന്ന് സമ്മര്‍ദം ചെലുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ജി.എസ്.ഡി.പി കണക്കുകളിലെ കുറവ് സംബന്ധിച്ച് സംസ്ഥാനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ചശേഷം മാത്രമേ കണക്കുകള്‍ അന്തിമമാക്കാവൂ എന്ന ആവശ്യം പാര്‍ലമെന്റില്‍ ഉന്നയിക്കണമെന്ന് യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു.

മിഷന്‍ സമുദ്രയും കൊല്ലത്തെ മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ടും മുന്‍നിര്‍ത്തി സംസ്ഥാനത്ത് പുതിയ മാരിടൈം സര്‍വകലാശാല സ്ഥാപിക്കുന്നതിനുള്ള സാധ്യതയും യോഗത്തില്‍ ഉന്നയിച്ചു. മാരിടൈം മേഖലയിലെ പഠനസാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി പോളിടെക്‌നിക്കുകള്‍ വഴിയും പുതിയ കോഴ്‌സുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അക്കാദമിക് മേഖലയുമായി സഹകരിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള 12 അക്കാദമിക് പ്രോഗ്രാമുകള്‍ നിലവില്‍ കണ്ടെത്തിയിട്ടുണ്ടെന്നും അടുത്ത അധ്യയനവര്‍ഷത്തില്‍ ഇതില്‍ പകുതി കോഴ്‌സുകളെങ്കിലും ആരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

പറമ്പിക്കുളം - ആളിയാര്‍ പദ്ധതിയില്‍ അര്‍ഹമായ ജലവിഹിതം കിട്ടാതിരിക്കുന്നത് സംബന്ധിച്ച് തമിഴ്‌നാട് മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ശ്രദ്ധയില്‍പ്പെടുത്തും. ഈ മാസം മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച മെമ്മോറാണ്ടത്തിലെ അടിയന്തര ഇടപെടലുകള്‍ ആവശ്യമായ പദ്ധതികള്‍ യോഗം വിലയിരുത്തി. വിഴിഞ്ഞം - ബാലരാമപുരം റെയില്‍പ്പാത പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ ഇതികം 541 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. നിലവില്‍ വിഭാവനം ചെയ്ത നോണ്‍-ഗവ. റെയില്‍വേ വികസന മാതൃക പുനഃപരിശോധിക്കണമെന്നും റെയില്‍പാതയുടെ ധനസഹായം, നിര്‍മ്മാണം, നടത്തിപ്പ് എന്നിവ കേന്ദ്ര റെയില്‍വേ മന്ത്രാലയം ഏറ്റെടുക്കണമെന്നുമാണ് സംസ്ഥാനത്തിന്റെ ആവശ്യം.

പൂവാര്‍ - വിഴിഞ്ഞം മേഖലയില്‍ ഗ്രീന്‍ഫീല്‍ഡ് കപ്പല്‍ നിര്‍മ്മാണം - ഷിപ്പ് റിപ്പയര്‍ ക്ലസ്റ്റര്‍, ഗ്രീന്‍ ബങ്കറിംഗും ഗ്രീന്‍ ഹൈഡ്രജനും, തുറമുഖ ശേഷിയും തുറമുഖ അനുബന്ധ വ്യവസായവും, ലോജിസ്റ്റിക്‌സ് പാര്‍ക്കുകള്‍, റെയില്‍, റോഡ് തുടങ്ങിയ വിഷയങ്ങളും മെമ്മോറാണ്ടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സംസ്ഥാനങ്ങളുടെ മൂലധന നിക്ഷേപങ്ങള്‍ക്കു വേണ്ടിയുള്ള പ്രത്യേക ധനസഹായം പദ്ധതി, സി.ആര്‍. ഇസഡ് വിജ്ഞാപനം പുനഃപരിശോധിക്കണമെന്ന ആവശ്യം, ഊര്‍ജമേഖലയിലെ പരിഷ്‌കാരങ്ങളുമായി ബന്ധിപ്പിച്ച അധിക വായ്പാ പരിധി സംബന്ധിച്ചും യോഗം വിലയിരുത്തി.

ദേശീയപാത 66-ന്റെ ഭൂമി ഏറ്റെടുക്കലിനുള്ള സംസ്ഥാന വിഹിതം, പാലക്കാട് കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേ, തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡ് തുടങ്ങി മുഖ്യമന്ത്രി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിക്ക് സമര്‍പ്പിച്ച മെമ്മോറാണ്ടത്തിലെ വിഷയങ്ങളിലും കേന്ദ്ര സര്‍ക്കാരിന്റെ അനുകൂല തീരുമാനത്തിനായി എം.പിമാരുടെ ഇടപെടല്‍ ഉണ്ടാകണം. ഇ.എസ്.എ പ്രശ്‌നം പരിഹരിക്കുന്നതിന് ഒന്നാം ഘട്ടത്തില്‍ സംസ്ഥാനം അന്തിമമായി ശുപാര്‍ശ ചെയ്ത 98 വില്ലേജുകള്‍ (8590.69 ച.കി.മി) ഉള്‍പ്പെടുത്തി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുക, രണ്ടാം ഘട്ടമായി ഒഴിവാക്കാന്‍ ശുപാര്‍ശ ചെയ്ത 33 വില്ലേജുകളുടെ കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള സമവായത്തിന് ശേഷം തീരുമാനമെടുക്കുക എന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ഒറ്റക്കെട്ടായി ഇടപെടണമെന്നും യോഗം തീരുമാനിച്ചു.

മന്ത്രിമാരായ സണ്ണി ജോസഫ്, കെ. മുരളീധരന്‍, കെ.എം. ഷാജി, പി.സി. വിഷ്ണുനാഥ്, എം.പിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഓണ്‍ലൈനായും എം.പിമാരായ എന്‍.കെ. പ്രേമചന്ദ്രന്‍, ബെന്നി ബെഹന്നാന്‍, ഡീന്‍ കുര്യാക്കോസ്, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. അശോക്, ഒ.എസ്.ഡി ഉമേഷ് എന്‍.എസ്.കെ എന്നിവര്‍ കോണ്‍ഫറന്‍സ് ഹാളിലും പങ്കെടുത്തു.


Related articles

See all
Popular News

ഭാരമില്ലാതെ പഠിക്കാം; അടുത്ത വർഷം മുതൽ എൽ.പി. ക്ലാസുകളിൽ സ്കൂൾ ബാഗ് പരിഷ്കരണം നടപ്പാക്കും

Popular News

പാങ്ങപ്പാറ അഭിരാം കൊലക്കേസ്: ഒന്നാം പ്രതിയായ 17-കാരന്റെ ജാമ്യാപേക്ഷ ജുവനൈൽ ജസ്റ്റിസ് ബോർഡ്...

Popular News

ഡെങ്കിപ്പനി വ്യാപനം രൂക്ഷം; കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസ് മൂന്ന് ദിവസത്തേക്ക് അടച്ചി...

Popular News

സ്വർണക്കവർച്ചയിൽ വമ്പൻ ട്വിസ്റ്റ്: 25 ലക്ഷത്തിന്റെ ക്വട്ടേഷനു പിന്നില്‍ ബിസിനസ് കുടിപ്പക;...

Save your stories

Sign in