സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിനെതിരെ കടുത്ത വിമർശനവുമായി വി. കുഞ്ഞികൃഷ്ണൻ രംഗത്ത്. വർഗീയ രാഷ്ട്രീയത്തിലൂടെ സമൂഹത്തിൽ ധ്രുവീകരണം സൃഷ്ടിച്ച്, അതുവഴി രാഷ്ട്രീയ ലാഭം കൊയ്യാനുള്ള അപക്വത കെ.കെ രാഗേഷിന്റെ പ്രസംഗങ്ങളിൽ വ്യക്തമാണെന്ന് വി. കുഞ്ഞികൃഷ്ണൻ കുറ്റപ്പെടുത്തി. ഇത്തരം വർഗീയ ധ്രുവീകരണ ശ്രമങ്ങളെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. മുസ്‌ലിം വർഗീയത തിമിർത്താടിയ തിരഞ്ഞെടുപ്പാണ് നടന്നതെന്ന രാഗേഷിന്റെ പ്രസ്താവന ചരിത്രത്തെയും വർത്തമാനകാല യാഥാർത്ഥ്യങ്ങളെയും തള്ളിപ്പറയുന്നതിന് തുല്യമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന് വർഗീയതയുടെ മേലങ്കിയണിയിച്ച് സ്വന്തം ഉത്തരവാദിത്തങ്ങളിൽ നിന്ന് ഓടി രക്ഷപ്പെടാനുള്ള വ്യഗ്രതയാണ് കെ.കെ രാഗേഷ് കാണിക്കുന്നതെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു. യഥാർത്ഥ കാരണങ്ങൾ പരിശോധിക്കുന്നതിന് പകരം ഇത്തരം പ്രസ്താവനകളിലൂടെ പരാജയത്തെ വഴിതിരിച്ചുവിടാനാണ് ജില്ലാ സെക്രട്ടറി ശ്രമിക്കുന്നത്.
കെ.കെ രാഗേഷിന്റെ ഈ പ്രസ്താവനയെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ അനുകൂലിച്ചത് അത്യന്തം അപകടകരമായ സൂചനയാണെന്ന് കുഞ്ഞികൃഷ്ണൻ ചൂണ്ടിക്കാട്ടി. വലിയ തോൽവി രുചിച്ചിട്ടും തെറ്റുകൾ തിരുത്താൻ പാർട്ടി നേതൃത്വം തയ്യാറാകുന്നില്ല എന്നതിന്റെ തെളിവാണിത്. കെ.കെ രാഗേഷിന്റെ ഈ നിലപാടിനെ പരസ്യമായി അംഗീകരിച്ച് രംഗത്തെത്തിയത് ആർഎസ്എസ് നേതാക്കൾ മാത്രമാണ് എന്ന കാര്യം നാം അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും വി. കുഞ്ഞികൃഷ്ണൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഓർമ്മിപ്പിച്ചു.