വാഷിങ്ടൺ: 2026-ലെ യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിന്റെ ഫലം അംഗീകരിക്കുമെന്നും കോൺഗ്രസിന്റെ ഭരണം നിർണയിക്കുന്ന ജനവിധിയെ പൂർണ്ണമായി മാനിക്കുമെന്നും യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. പ്രമുഖ മാധ്യമമായ 'ദ ന്യൂയോർക്ക് ടൈംസിന്' നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. തിരഞ്ഞെടുപ്പിന് ശേഷം ഡെമോക്രാറ്റിക് പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കാൻ താൻ കാത്തിരിക്കുകയാണെന്നും, അവരുമായി സഹകരിച്ച് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ ജയിക്കാനും തോൽക്കാനുമുള്ള കാരണങ്ങളെക്കുറിച്ച് വിശകലനം ചെയ്യുന്ന ഒരു ‘പൊളിറ്റിക്കൽ പണ്ഡിറ്റാ’യി താൻ മാറുമെന്നും ട്രംപ് തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിലൂടെ' അറിയിച്ചു.
അതേസമയം, ട്രംപിന്റെ രാഷ്ട്രീയ നിലനിൽപ്പിനും റിപ്പബ്ലിക്കൻ പാർട്ടിക്ക് കോൺഗ്രസിലെ ഭൂരിപക്ഷം നിലനിർത്താനുള്ള അവസരത്തിനും വലിയ വെല്ലുവിളി ഉയർത്തിക്കൊണ്ടാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പ്രാഥമിക വിവരങ്ങൾ അനുസരിച്ച് ഡെമോക്രാറ്റുകൾ ജനപ്രതിനിധി സഭയിലും സെനറ്റിലും മികച്ച മുന്നേറ്റമാണ് നടത്തുന്നത്. ടെക്സസിൽ ജെയിംസ് തലാരിക്കോ, നോർത്ത് കരോളിനയിൽ റോയ് കൂപ്പർ, ജോർജിയയിൽ ജോൺ ഓസോഫ്, ഒഹായോയിൽ ഷെറോഡ് ബ്രൗൺ എന്നിവരുടെ വിജയങ്ങൾ ഡെമോക്രാറ്റുകൾക്ക് ഏറെ നിർണായകമായി മാറി. കൂടാതെ സൗത്ത് കരോളിന, ന്യൂ ഹാംഷെയർ എന്നിവിടങ്ങളിലും ഡെമോക്രാറ്റിക് പാർട്ടി മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.
ഡെമോക്രാറ്റുകളുമായി സഹകരിച്ച് പ്രവർത്തിക്കും; തിരഞ്ഞെടുപ്പ് ഫലത്തോട് പ്രതികരിച്ച് ട്രംപ്