ന്യൂയോര്‍ക്ക്: യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെണ്ണല്‍ സൂചനകള്‍ പുറത്തുവരുമ്പോള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ശക്തമായ മുന്നേറ്റം നടത്തുന്നതായി റിപ്പോര്‍ട്ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പരമ്പരാഗത കോട്ടകളായ ഒഹായോ, ജോര്‍ജിയ, നോര്‍ത്ത് കരോലിന തുടങ്ങിയ സംസ്ഥാനങ്ങളിലെ പല മണ്ഡലങ്ങളിലും വോട്ടെടുപ്പ് പൂര്‍ത്തിയായി വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഡെമോക്രാറ്റുകളാണ് മുന്നിട്ടുനില്‍ക്കുന്നത്. ഡോണള്‍ഡ് ട്രംപിന്റെ ഭരണകാലയളവിലെ ശേഷിക്കുന്ന രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെയും നിയന്ത്രണങ്ങളെയും നേരിട്ട് ബാധിക്കുന്ന ഒന്നായതിനാല്‍ ഈ തിരഞ്ഞെടുപ്പ് ഫലം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഏറ്റവും നിര്‍ണായകമാണ്.
പ്രതിനിധി സഭയിലെ ഭൂരിപക്ഷം റിപ്പബ്ലിക്കന്മാര്‍ക്ക് നഷ്ടമായാല്‍ ട്രംപ് ഭരണകൂടത്തിന്റെ പുതിയ നിയമനിര്‍മ്മാണങ്ങള്‍ തടസ്സപ്പെടുത്താന്‍ ഡെമോക്രാറ്റുകള്‍ക്ക് എളുപ്പത്തില്‍ സാധിക്കും. അതിനുപുറമെ, സെനറ്റിലും തിരിച്ചടി നേരിട്ടാല്‍ സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനം, ഉന്നത ഉദ്യോഗസ്ഥരുടെ നിയമനങ്ങള്‍ തുടങ്ങിയ നിര്‍ണായകമായ തീരുമാനങ്ങള്‍ എടുകുന്നതില്‍ പ്രസിഡന്റിന്റെ അധികാരം പരിമിതപ്പെടും. രാജ്യത്ത് കുതിച്ചുയരുന്ന ജീവിതച്ചെലവും ഇറാനെതിരായ യുദ്ധ അന്തരീക്ഷവും പൊതുജനങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ച അമര്‍ഷം ട്രംപ് ഭരണകൂടത്തോടുള്ള ജനങ്ങളുടെ അസംതൃപ്തിയായാണ് വിലയിരുത്തപ്പെടുന്നത്.
പ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 35 സീറ്റുകളിലേക്കും 36 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ പദവികളിലേക്കുമാണ് പ്രധാനമായും പോരാട്ടം നടക്കുന്നത്. നിലവിലെ കണക്കുകള്‍ പ്രകാരം പ്രതിനിധി സഭയില്‍ കേവലം മൂന്ന് സീറ്റുകളും സെനറ്റില്‍ നാല് സീറ്റുകളും അധികമായി നേടാനായാല്‍ ഡെമോക്രാറ്റുകള്‍ക്ക് കോണ്‍ഗ്രസിന്റെ നിയന്ത്രണം പൂര്‍ണ്ണമായും പിടിച്ചെടുക്കാന്‍ സാധിക്കും.
അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പ്; ആദ്യ ഫലങ്ങള്‍ ഡെമോക്രാറ്റുകള്‍ക്ക് അനുകൂലം