ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വ്യോമഗതാഗത മേഖലയെ സ്തംഭിപ്പിച്ച് അസാധാരണ നടപടി. രാജ്യത്തെ വിമാനത്താവളങ്ങളില്‍ നിന്ന് ഒരു വിമാനവും പറന്നുയരരുത് (ഗ്രൗണ്ട് സ്റ്റോപ്പ്) എന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അടിയന്തര നിര്‍ദ്ദേശം നല്‍കി. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സെന്ററുകളിലെ ആശയവിനിമയ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറാണ് കര്‍ശന നിയന്ത്രണത്തിന് പിന്നിലെന്നാണ് പ്രാഥമിക സൂചന.
നിയന്ത്രണത്തിനുള്ള കൃത്യമായ കാരണം എഫ്.എ.എ. ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. അന്താരാഷ്ട്ര വിമാനങ്ങളുടെ ട്രാഫിക് സൂക്ഷ്മമായി പരിശോധിച്ചുവരികയാണെന്നും, സാങ്കേതിക തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാണെന്നും അധികൃതര്‍ അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം അടുത്ത നിര്‍ദ്ദേശങ്ങള്‍ ഉടന്‍ പുറപ്പെടുവിക്കുമെന്നും എഫ്.എ.എ. വ്യക്തമാക്കി.
വാഷിംഗ്ടണ്‍ ഡി.സി, അറ്റ്‌ലാന്റ, മിയാമി, ബി.ഡബ്ല്യു.ഐ മാര്‍ഷല്‍, ജോര്‍ജ് ബുഷ് തുടങ്ങി അമേരിക്കയിലെ പ്രധാനപ്പെട്ട വിമാനത്താവളങ്ങളിലെല്ലാം വിമാനങ്ങള്‍ പറന്നുയരുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ മൂവായിരത്തോളം വിമാനങ്ങള്‍ അമേരിക്കയിലെ വിവിധ വിമാനത്താവളങ്ങളെ ലക്ഷ്യമിട്ട് ആകാശത്തുള്ളതായാണ് ഫ്‌ലൈറ്റ് റഡാര്‍ രേഖകള്‍ വ്യക്തമാക്കുന്നത്.
2001-ലെ 9/11 ഭീകരാക്രമണത്തിന് ശേഷം അമേരിക്കയില്‍ ഇത്തരമൊരു സമ്പൂര്‍ണ്ണ വ്യോമഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ഇത് രണ്ടാം തവണ മാത്രമാണ്. ഇതിന് മുമ്പ് 2023 ജനുവരിയിലാണ് സമാനമായ നടപടിയുണ്ടായത്. പൈലറ്റ് നോട്ടിഫിക്കേഷന്‍ സിസ്റ്റത്തിലുണ്ടായ (NOTAM) തകരാറായിരുന്നു അന്ന് വിമാനങ്ങള്‍ നിലത്തിറക്കാന്‍ കാരണമായത്.
അമേരിക്കയില്‍ വിമാന സര്‍വീസുകള്‍ക്ക് അടിയന്തര വിലക്ക്; എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനത്തില്‍ തകരാറെന്ന് സൂചന
എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലെ സാങ്കേതിക തകരാറിനെത്തുടർന്ന് അമേരിക്കയിൽ വിമാന സർവീസുകൾക്ക് അടിയന്തര വിലക്ക്.