
നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് കണക്ക് പരിശോധിച്ചാൽ യുഡിഎഫിന് കാര്യമായ കുറവുണ്ടായിട്ടില്ല ; എം എം ഹസൻ

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പിലേത് ദയനീയ പരാജയമല്ലെന്നും വോട്ട് കണക്ക് പരിശോധിച്ചാൽ കാര്യമായ കുറവുണ്ടായിട്ടില്ലെന്നും യു.ഡി.എഫ് കൺവീനർ എം എം ഹസൻ. നിയമസഭാ സമ്മേളനത്തിന് ശേഷം തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ ഒരു ദിവസം നീണ്ട് നിൽക്കുന്ന യോഗം ചേരാനും യു.ഡി.എഫ്.യോഗത്തിൽ തീരുമാനമായതായി അദ്ദേഹം പറഞ്ഞു.
വോട്ട് കണക്ക് പരിശോധിക്കുമ്പോൾ അത്യന്തം വലിയ പരാജയമല്ല നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി എഫിന് ഉണ്ടായത് എന്ന വിലയിരുത്തലാണ് യു.ഡി.എഫ് ഏകോപന സമിതി യോഗത്തിലുണ്ടായത്. ഓരോ കക്ഷികളുടെയും പരാജയ കാരണം സമഗ്രമായി വിലയിരുത്താൻ ഒരു ദിവസം നീണ്ട് നിൽക്കുന്ന യോഗം ചേരും. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ നിരുപാധിക പിന്തുണ പ്രഖ്യാപിക്കുന്നതായി യുഡിഎഫ് കൺവീനർ പറഞ്ഞു. എന്നാൽ കൊവിഡിന്‍റെ മരണനിരക്കിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.കേന്ദ്ര സർക്കാരിന്‍റെ വാക്സിൻ നയത്തിനെതിരെയും യോഗത്തിൽ വിമർശനം ഉയർന്നു.
കൊവിഡ് ബാധിച്ച് മരിച്ച മുഴുവനാളുകളുടെയും കുടുംബാംഗങ്ങൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പ്രത്യേക പാക്കേജ് വേണമെന്ന് യു.ഡി എഫ് സർക്കാരിനോട് ആവശ്യപ്പെടുമെന്നും യു.ഡി.എഫ് കൺവീനർ വ്യക്തമാക്കി.