ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിക്കാന്‍ പാകിസ്ഥാന്‍ ഉപയോഗിച്ച ഡ്രോണുകള്‍ക്ക് തുര്‍ക്കിയുമായി ബന്ധമുണ്ടെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ, തുര്‍ക്കി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വാര്‍ത്താ ഏജന്‍സിയായ ടിആര്‍ടി വേള്‍ഡിന്റെ (TRT World) ഔദ്യോഗിക എക്സ് അക്കൗണ്ട് ഇന്ത്യ ബുധനാഴ്ച ബ്ലോക്ക് ചെയ്തു. പാകിസ്ഥാന്റെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യന്‍ വ്യോമ പ്രതിരോധ സേന ഉടനടി പ്രതിരോധിക്കുകയും ഇന്ത്യന്‍ മണ്ണില്‍ നാശനഷ്ടങ്ങളൊന്നും ഉണ്ടായില്ലെന്ന് ഉറപ്പാക്കുകയും ചെയ്തിരുന്നു.
ഇതിന് പുറമെ, പാകിസ്ഥാനുമായുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യന്‍ സൈന്യത്തെക്കുറിച്ച് സ്ഥിരീകരിക്കാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് ചൈനയുടെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മാധ്യമ സ്ഥാപനങ്ങളായ ഗ്ലോബല്‍ ടൈംസ്, സിന്‍ഹുവ എന്നിവയുടെ എക്സ് ഹാന്‍ഡിലുകളും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഈ അക്കൗണ്ടുകള്‍ സന്ദര്‍ശിക്കാന്‍ ശ്രമിക്കുന്ന ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍, 'അക്കൗണ്ട് തടഞ്ഞുവച്ചിരിക്കുന്നു എന്ന സന്ദേശമാണ് കാണാന്‍ സാധിക്കുന്നത്.
മെയ് 6, 7 തീയതികളില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരക്യാമ്പുകളില്‍ ഇന്ത്യ നടത്തിയ കൃത്യമായ വ്യോമാക്രമണങ്ങള്‍ക്ക് ശേഷം ടിആര്‍ടി വേള്‍ഡ് തെറ്റായ വിവരങ്ങളും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയിരുന്നു. മെയ് 7, 8 തീയതികളിലെ രാത്രിയില്‍, പാകിസ്ഥാന്‍ സൈന്യം പടിഞ്ഞാറന്‍ അതിര്‍ത്തിയിലുടനീളം ഇന്ത്യന്‍ വ്യോമാതിര്‍ത്തി നിരവധി തവണ ലംഘിച്ചു. സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിടുകയായിരുന്നു അവരുടെ ഉദ്ദേശ്യം. മാത്രമല്ല, നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ സൈന്യം വലിയ ശേഷിയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയും ചെയ്തു. പാക്് ആക്രമണത്തിന്റെ വ്യാപ്തിയും ഉദ്ദേശ്യവും കേണല്‍ സോഫിയ ഖുറേഷി വിശദീകരിച്ചതിങ്ങനെയാണ്.
'ഏകദേശം 300 മുതല്‍ 400 വരെ ഡ്രോണുകള്‍ ഉപയോഗിച്ച് 36 സ്ഥലങ്ങളില്‍ നുഴഞ്ഞുകയറാന്‍ ശ്രമം നടന്നു. ഇന്ത്യന്‍ സായുധ സേന ഈ ഡ്രോണുകളില്‍ പലതും കൈനറ്റിക് (നേരിട്ടുള്ള വെടിവയ്പ്), നോണ്‍-കൈനറ്റിക് (ഇലക്ട്രോണിക് ജാമിംഗ് പോലുള്ളവ) മാര്‍ഗ്ഗങ്ങളിലൂടെ വെടിവെച്ചിട്ടു. ഇത്രയും വലിയ തോതിലുള്ള വ്യോമാക്രമണങ്ങളുടെ സാധ്യമായ ലക്ഷ്യം വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പരിശോധിക്കുക, രഹസ്യാന്വേഷണ വിവരങ്ങള്‍ ശേഖരിക്കുക എന്നതായിരുന്നു. തകര്‍ന്ന ഡ്രോണുകളുടെ അവശിഷ്ടങ്ങളുടെ ഫോറന്‍സിക് അന്വേഷണം നടന്നുവരികയാണ്. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഇവ തുര്‍ക്കിയുടെ അസിസ്ഗാര്‍ഡ് സോംഗാര്‍ (Asisguard Songar) ഡ്രോണുകളാണെന്നാണ്,' കേണല്‍ സോഫിയ ഖുറേഷി പറഞ്ഞു.