ഡല്‍ഹി: 2004-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ താന്‍ പ്രധാനമന്ത്രി പദം ഏറ്റെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നതായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇതേ നിലപാടാണ് ആഗ്രഹിച്ചിരുന്നതെന്നും പുതിയ പുസ്തകത്തില്‍ അവര്‍ വെളിപ്പെടുത്തുന്നു.
തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തന്നെ താന്‍ പ്രധാനമന്ത്രിയാകുന്നതിനെക്കുറിച്ച് മക്കളുമായി ചര്‍ച്ച ചെയ്തിരുന്നുവെന്ന് സോണിയ ഓര്‍ത്തെടുക്കുന്നു. പാര്‍ട്ടി വിജയിച്ചാല്‍ പ്രധാനമന്ത്രി പദം ഏറ്റെടുക്കുമോ എന്ന് മക്കളില്‍ ഒരാള്‍ ചോദിച്ചപ്പോള്‍, 'ഒരിക്കലുമില്ല!' എന്നായിരുന്നു ഉറച്ച മറുപടി. മുത്തശ്ശിയുടെ വധവും തുടര്‍ന്ന് പിതാവിന്റെ അതിദാരുണമായ കൊലപാതകവും സൃഷ്ടിച്ച കടുത്ത മാനസികാഘാതത്തിലൂടെ കടന്നുപോയവരാണ് രാഹുലും പ്രിയങ്കയും. അതുകൊണ്ടുതന്നെ അമ്മയുടെ സുരക്ഷയില്‍ അവര്‍ക്ക് വലിയ ആശങ്കയുണ്ടായിരുന്നു.
എങ്കിലും, 2004-ലെ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പ്രധാനമന്ത്രി പദം ഏറ്റെടുക്കാന്‍ സഖ്യകക്ഷി നേതാക്കളില്‍ നിന്ന് കടുത്ത സമ്മര്‍ദമുണ്ടായി. തുടര്‍ന്ന് ആദ്യം പദവി ഏറ്റെടുക്കാമെന്ന് സമ്മതിക്കേണ്ടി വന്നെങ്കിലും, ആ സമ്മര്‍ദത്തിന് വഴങ്ങരുതെന്ന് മക്കള്‍ കര്‍ശനമായി ആവശ്യപ്പെടുകയായിരുന്നു.
താന്‍ പ്രധാനമന്ത്രി പദം ഏറ്റെടുത്തിരുന്നെങ്കില്‍ തന്റെ വിദേശ പൗരത്വം ഉയര്‍ത്തിക്കാട്ടി ബി.ജെ.പിയും ആര്‍.എസ്.എസും രാജ്യത്ത് വലിയ രീതിയിലുള്ള ഭിന്നത സൃഷ്ടിക്കാന്‍ ഇടയാക്കുമായിരുന്നുവെന്നും സോണിയ ഗാന്ധി പുസ്തകത്തില്‍ വ്യക്തമാക്കുന്നു.
'രാഹുലും പ്രിയങ്കയും ശക്തമായി എതിര്‍ത്തു, തന്റെ സുരക്ഷയില്‍ അവര്‍ക്ക് ആശങ്കയുണ്ടായിരുന്നു'; പ്രധാനമന്ത്രി പദം വേണ്ടെന്നുവെച്ചതിന് പിന്നിലെ കാരണങ്ങൾ തുറന്നുപറഞ്ഞ് സോണിയ ഗാന്ധി